ഉപതെരഞ്ഞെടുപ്പിന്റെ അവസനാവട്ട ഒരുക്കത്തില്‍ അഞ്ച് മണ്ഡലങ്ങള്‍. പരസ്യപ്രചരണം ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെ അവസാനിക്കും. പിന്നീട് ഒരുദിവസത്തെ മൗനപ്രചരണവും കഴിഞ്ഞ് തിങ്കളാഴ്ച വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് പുറപ്പെടും. വട്ടിയൂര്‍ക്കാവ്, കോന്നി, എറണാകുളം, അരൂര്‍, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

കളക്ടറേറ്റുകളില്‍ ഇലക്ഷന്‍ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അവസാനവട്ട ഒരുക്കങ്ങള്‍ കളക്ടര്‍മാര്‍ വിലയിരുത്തി. പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനവും പൂര്‍ത്തിയായി. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ കമ്മിഷനിംഗ് പൂര്‍ത്തിയാക്കി സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്. 20ന് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യും. വോട്ടിംഗ്, വോട്ടെണ്ണല്‍ ദിവസങ്ങളിലുള്ള സുരക്ഷാ സംവിധാനങ്ങളും വിലയിരുത്തി.

മണ്ഡലങ്ങളില്‍ നിരവധി സെന്‍സിറ്റീവ് ബൂത്തുകളാണുള്ളത്. ഇത്തരം ബൂത്തുകളില്‍ വെബ് കാസ്റ്റിംഗും മൈക്രോ ഒബ്സര്‍വര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് ആറ് മുതല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന 21ന് വൈകിട്ട് ആറു വരെ പൊതുസ്ഥലത്തെ പ്രചാരണ പരിപാടികള്‍ അനുവദിക്കില്ല. പോളിംഗ് സ്റ്റേഷന് നൂറ് മീറ്റര്‍ പരിധിക്കുള്ളില്‍ വോട്ട് ചോദിക്കുന്നതും നിയമവിരുദ്ധമാണ്. ഇക്കാര്യം കര്‍ശനമായി പാലിക്കുന്നതിന് കലക്ടര്‍മാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പൂര്‍ണമായും ഹരിതചട്ടം പാലിച്ചു കൊണ്ടാകും തെരഞ്ഞെടുപ്പ് നടത്തുക.