സ്വന്തം വേരുകള്‍ തേടിയുളള യാത്ര ചിലര്‍ക്ക് നിരാശ മാത്രമാണ് സമ്മാനിക്കുക. ചിലര്‍ക്ക് അത്ഭുതങ്ങളും. 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വയസ്സ് മാത്രം പ്രായമുളളപ്പോള്‍ കണ്ട് മറന്ന അമ്മയുടെ മുഖം തേടിയിറങ്ങിയ ഡേവിഡ് ശാന്തകുമാര്‍ എന്ന ഡേവിഡ് നില്‍സണിന് മുന്നില്‍ കാലം കാത്ത് വെച്ചത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെയാണ്. ചെന്നൈയില്‍ പിറന്ന ഡേവിഡിന് ഒരു വയസ്സ് മാത്രം പ്രായമുളളപ്പോഴാണ് ഡാനിഷ് ദമ്ബതികള്‍ ദത്തെടുക്കുന്നത്.

പിന്നെ ഡേവിഡ് അമ്മയേയോ കുടുംബത്തേയോ കണ്ടിട്ടില്ല. ഡാനിഷ് മാതാപിതാക്കള്‍ ഡേവിഡിനെ സ്വന്തം മകനെപ്പോലെ വളര്‍ത്തി. സാധാരണ കുടുംബമായിരുന്നുവെങ്കിലും ഡേവിഡിന് അവര്‍ മികച്ച വിദ്യാഭ്യാസം തന്നെ നല്‍കി. അവനെ ഇന്ത്യയില്‍ നിന്നും ദത്തെടുത്തതാണെന്നും അവന്റേത് മഹത്തായ ഒരു രാജ്യമാണെന്നും അവന് പറഞ്ഞ് കൊടുത്തു.

ഡേവിഡ് ഇന്ന് 40 വയസ്സുളള, രണ്ട് ഇരട്ടക്കുട്ടികളുടെ അച്ഛനായ ബാങ്ക് ഉദ്യോഗസ്ഥനാണ്. ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ഡെന്‍മാര്‍ക്കില്‍ സുഖമായി ജീവിക്കുന്നു. മുഖം പോലും ഓര്‍മ്മയില്‍ ഇല്ലാത്ത അമ്മയേയോ ഇന്ത്യയിലെ കുടുംബത്തെയോ കണ്ടെത്തണമെന്ന് ഡേവിഡ് ആറ് വര്‍ഷം മുന്‍പ് വരെ തോന്നിയിരുന്നില്ല. പല ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലും ചെന്നൈയിലും വന്ന് പോയപ്പോഴും ഡേവിഡിന് സ്വന്തം വേരുകള്‍ തേടണമെന്ന് തോന്നിയില്ല.

എന്നാല്‍ 2013ല്‍ ചെന്നൈയില്‍ എത്തിയപ്പോഴാണ് സ്വന്തം കുടുംബത്തെ കണ്ടെത്തണമെന്ന് ആദ്യമായി ഡേവിഡിന് തോന്നിയത്. പഴയ രേഖകളില്‍ നിന്ന് അച്ഛന്റെ പേര് അടക്കമുളള വിവരങ്ങള്‍ ഡേവിഡിന് ലഭിച്ചു. ഡേവിഡിനെ ഡാനിഷ് ദമ്ബതികള്‍ ദത്തെടുത്ത ശിശുഭവനം അന്വേഷിച്ച്‌ ചെന്നെങ്കിലും അത് 1990കളിലെപ്പോഴോ അടച്ച്‌ പൂട്ടിയിരുന്നു. കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകനായ അരുണ്‍ ഡോലെയെ പരിചയപ്പെട്ടതാണ് ഡേവിഡിന്റെ അന്വേഷണത്തില്‍ വഴിത്തിരിവായത്.

തമിഴില്‍ ഡേവിഡിന്റെ അന്വേഷണം ഒരു ചെറിയ ഡോക്യുമെന്ററിയായി ചിത്രീകരിച്ചു. ഇത് കണ്ടതോടെയാണ് ഡേവിഡിന്റെ കുടുംബം അവനെ തിരിച്ചറിഞ്ഞത്. കുഞ്ഞായ ഡേവിഡിന്റെ ചിത്രങ്ങള്‍ അവര്‍ അരുണിന് അയച്ച്‌ നല്‍കി. ചിത്രങ്ങള്‍ ഡേവിഡും തിരിച്ചറിഞ്ഞു. 6 വര്‍ഷം നീണ്ട ഒരു വലിയ ദൗത്യത്തിന് അവിടെ പരിസമാപ്തി കുറിക്കപ്പെടുകയായിരുന്നു. തൂപ്പ് ജോലിക്കാരിയായ ധനലക്ഷ്മി എന്ന 68കാരിയായിരുന്നു ഡേവിഡിന്റെ ആ അമ്മ.

തുടര്‍ന്ന് ധനലക്ഷ്മിയെ തേടി കടലുകളും ഭൂഖണ്ഡങ്ങളും കടന്ന് ആ വീഡിയോ കോള്‍ എത്തി. 40 വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയും മകനും പരസ്പരം കണ്ടു. സന്തോഷവും കണ്ണീരും ഇഴകലര്‍ന്ന നിമിഷങ്ങള്‍. മകനെ കണ്ട ധനലക്ഷ്മി ബോധരഹിതയായി. ഡേവിഡിനെ തേടി താന്‍ എത്രയോ തവണ ചൈല്‍ഡ് ഹോമിലേക്ക് പോയതായി കണ്ണ് നിറഞ്ഞ് കൊണ്ട് ധനലക്ഷ്മി പറഞ്ഞു. തന്നെ അമ്മയ്ക്ക് വേണമായിരുന്നു എന്ന അറിവ് തന്നെ തനിക്ക് വലിയ ആശ്വാസമായെന്ന് പറയുന്നു ഡേവിഡ്. ഡേവിഡിനേയും മക്കളായ കാജ്, സോഫുസ്, ഭാര്യ സ്റ്റൈന്‍ എന്നിവരേയും കാണാനുളള ആഗ്രഹവും ധനലക്ഷ്മി പ്രകടിപ്പിച്ചു. ധനലക്ഷ്മിയുടെ ബന്ധുക്കളും ഡേവിഡിനോട് സംസാരിച്ചു. വീഡിയോ കാള്‍ വഴി അല്ലാതെ നേരിട്ട് കാണാനുളള കാത്തിരിപ്പിലാണ് ഇനി ഡേവിഡും ധനലക്ഷ്മിയും.