ബോക്‌സിങ് മത്സരത്തിനിടെ തലയ്ക്ക് ഇടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന അമേരിക്കന്‍ ബോക്‌സര്‍ പാട്രിക് ഡേ ഒടുവില്‍ മരണത്തിന് കീഴടങ്ങി. തലച്ചോറിനേറ്റ ഗുരുതര ആഘാതമാണ് മരണ കാരണമായി പറയുന്നത്.

ശനിയാഴ്ച ചിക്കോഗോയില്‍ ചാള്‍സ് കോണ്‍വെല്ലിനെതിരേനടന്ന മത്സരത്തിലാണ് പാട്രിക്കിന് പരിക്കേറ്റത്. 27 വയസ്സുണ്ടായിരുന്ന പാട്രിക് അതിനുശേഷം അബോധാവസ്ഥയിലായിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ചിക്കാഗോയിലെ വിന്‍ട്രസ്റ്റ് അരീനയില്‍ സൂപ്പര്‍ വാള്‍ട്ടര്‍ വെയ്റ്റ് പോരാട്ടത്തില്‍ ചാള്‍സ് കോണ്‍വെല്ലിന്റെ ഇടിയേറ്റാണ് പാട്രിക്കിന്റെ തലയ്ക്ക് പരിക്കേറ്റത്. പത്താം റൗണ്ടിലായിരുന്നു ദുരന്തം. റിങ്ങില്‍ നിന്ന് സ്ട്രെച്ചറിലാണ് അദ്ദേഹത്തെ കൊണ്ടുപോയത്.

റിയോ ഒളിമ്ബിക്സില്‍ അമേരിക്കന്‍ ടീമംഗമായിരുന്നു കോണ്‍വെല്‍. 2013-ല്‍ പ്രൊഫഷണല്‍ കരിയര്‍ തുടങ്ങിയ പാട്രിക് ഡേ ഇതുവരെ 17 വിജയങ്ങള്‍ നേടിയിട്ടുണ്ട്. നാലു മത്സരങ്ങള്‍ തോറ്റു.

ദുരന്തം തന്നെ മാനസികമായി തളര്‍ത്തിയെന്ന് ചാള്‍സ് കോണ്‍വെല്‍ പ്രതികരിച്ചു. പാട്രിക് മരിക്കുന്നതിനുമുമ്ബുള്ള കോണ്‍വെല്ലിന്റെ ട്വീറ്റില്‍നിന്ന്…

പ്രിയ പാട്രിക് ഡേ,

താങ്കള്‍ക്കിത് സംഭവിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിട്ടില്ല. ജയിക്കണം എന്ന ഒറ്റ ആഗ്രഹമേ എനിക്കുണ്ടായിരുന്നുള്ളൂ. ആ മത്സരം ഓര്‍മകളില്‍ നിറഞ്ഞ് എന്റെ തല പുകയുകയാണ്. ചിന്തകളെ നിയന്ത്രിക്കാനാവുന്നില്ല. ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയാണ്, കണ്ണീരൊഴുക്കുകയാണ്. എന്റെ കുടുംബവും സുഹൃത്തുക്കളും ഈ ദുരന്തത്തെ എങ്ങനെയാണ് കാണുകയെന്ന് ഭയപ്പെടുന്നു. എവിടെപ്പോയാലും നിങ്ങളുടെ മുഖമാണ് മനസ്സില്‍. ബോക്‌സിങ്ങില്‍നിന്ന് പിന്‍മാറിയാലോ എന്ന് ചിന്തിച്ചു. എന്നാല്‍, അത് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാവില്ലെന്ന് അറിയാം. നിങ്ങള്‍ ഒരു പോരാളിയാണല്ലോ. നിങ്ങള്‍ക്കായി ഒരു ലോകകിരീടം നേടണമെന്നാണ് ഇനിയുള്ള എന്റെ ആഗ്രഹം”.

അതേസമയം കഴിഞ്ഞ നാലു മാസത്തിനിടെ ബോക്‌സിങ് റിങ്ങില്‍ ജീവന്‍ പൊലിഞ്ഞ മൂന്നാമത്തെയാളാണ് പാട്രിക് ഡേ. ജൂലായില്‍ മത്സരത്തിനിടെ തലയ്ക്കു പരുക്കേറ്റ റഷ്യന്‍ ബോക്‌സര്‍ മാക്‌സിം ദാദഷേവും (28) പിന്നാലെ അര്‍ജന്റീന ബോക്‌സര്‍ ഹ്യൂഗോ സാന്റിലനും (23) മരണത്തിന് കീഴടങ്ങിയിരുന്നു.