പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകന് സിവില്‍ സര്‍വീസ് പരീക്ഷയിലെ അഭിമുഖത്തില്‍ ഒന്നാം റാങ്കുകാരന്ു കിട്ടിയതിലും മാര്‍ക്ക് രമേശ് ചെന്നിത്തലയുടെ മകനു കിട്ടിയതില്‍ അസ്വാഭാവികത ഉണ്ടെന്ന ആരോപണം ഉന്നയിച്ച മന്ത്രി കെ.ടി ജലീലിനെതിരെ ജ്യോതി വിജയകുമാര്‍. ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രിയുടെ പരാമര്‍ശങ്ങള്‍ വ്യക്തമാക്കുന്നത് അദ്ദേഹത്തിന് ഈ പരീക്ഷയെക്കുറിച്ചു കൃത്യമായ ഒരു ധാരണ ഇല്ലെന്നു തന്നെയാണെന്ന് ജ്യോതി വിജയകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കോണ്‍ഗ്രസ് നേതാവ് ഡി. വിജയകുമാറിന്റെ മകളും പരിഭാഷകളിലൂടെ ശ്രദ്ധേയയുമായ ജ്യോതി വിജയകുമാര്‍ സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്ന ഫാക്കല്‍റ്റി കൂടിയാണ്. ഏറ്റവും കുറഞ്ഞത് ഒന്ന് രണ്ടു വര്‍ഷത്തെ കഠിനമായ, സ്ഥിരമായ, സമഗ്രമായ പഠനമില്ലാതെ ആര്‍ക്കും ഈ പരീക്ഷ പാസാവാനാവില്ല എന്നതാണ് ആദ്യം മനസ്സിലാക്കേണ്ട വസ്തുത. ഈ പരീക്ഷ പാസാകുക എന്ന സ്വപ്നവുമായി ജീവിതത്തില്‍ ഒരു വലിയ റിസ്‌ക് എടുത്തു ഇറങ്ങിത്തിരിച്ചിരിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ അനാദരിക്കലാണ്, അവരെ ഡീമോറലൈസ് ചെയ്യലാണ്, ഒരു പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കലാണെന്നും ജ്യോതികുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആയിരക്കണക്കിന് യുവതീയുവാക്കളുടെ സ്വപ്നമാണ് സിവില്‍ സര്‍വീസ് പരീക്ഷ

ഇന്ന്, യുപിഎസ് സി നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷയെക്കുറിച്ചു കേരത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി നടത്തിയ ചില പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതെഴുതുന്നത്.

എഴുതുമ്ബോള്‍, സ്വന്തം ജീവിതത്തിലെ ഏറ്റവും പ്രൊഡക്ടീവ് ആയ കുറെ വര്‍ഷങ്ങള്‍ ഈ പരീക്ഷാ തയ്യാറെടുപ്പിനായി മാറ്റി വച്ച,ദിവസവും 18 മണിക്കുറുകള്‍ വരെ നീണ്ടു നില്‍ക്കാവുന്ന കഠിനമായ പഠനചര്യയിലൂടെ രാജ്യത്തിന്റെ ഭരണയന്ത്രത്തിന്റെ ഭാഗമാക്കുക എന്ന സ്വപ്നത്തിന്റെ പിന്നാലെ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഞാന്‍ കണ്ടുമുട്ടിയ, ഇപ്പോഴും ഇടപെടുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ പ്രതീക്ഷ നിറഞ്ഞ മുഖങ്ങളാണ് മനസ്സില്‍.

ആ മുഖങ്ങള്‍ മനസ്സിലുള്ളപ്പോള്‍ പറയാന്‍ പോകുന്നത് കക്ഷിരാഷ്ട്രീയത്തിന്റെ ഇടത്തില്‍ നിന്നല്ല; സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായി 2002 മുതല്‍ കേരളത്തിലും ഡല്‍ഹിയിലും തയ്യാറെടുപ്പു നടത്തുകയും 2004 ലും 2008 ലും പ്രിലിംസ്‌ പാസായി മെയിന്‍സ് എഴുതുകയും 2005 -2006 , 2010 , തുടര്‍ന്ന് 2012 മുതല്‍ ഇന്നും കേരളത്തിലെ വിവിധ സ്ഥാപനങ്ങളില്‍ സോഷ്യോളജി ഫാക്കല്‍റ്റി ആയും 2017 മുതല്‍ നൂറു കണക്കിന് സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥികളുടെ മോക്ക് ഇന്റര്‍വ്യൂ പാനലില്‍ അംഗമായും പ്രവര്‍ത്തിച്ചുമുള്ള അനുഭവത്തിന്റെ വെളിച്ചത്തില്‍ ആണ്..

ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രിയുടെ പരാമര്‍ശങ്ങള്‍ വ്യക്തമാക്കുന്നത് അദ്ദേഹത്തിന് ഈ പരീക്ഷയെക്കുറിച്ചു കൃത്യമായ ഒരു ധാരണ ഇല്ലെന്നു തന്നെയാണ്. ഏറ്റവും കുറഞ്ഞത് ഒന്ന് രണ്ടു വര്‍ഷത്തെ കഠിനമായ, സ്ഥിരമായ, സമഗ്രമായ പഠനമില്ലാതെ ആര്‍ക്കും ഈ പരീക്ഷ പാസാവാനാവില്ല എന്നതാണ് ആദ്യം മനസ്സിലാക്കേണ്ട വസ്തുത..

ആദ്യഘട്ടമായ, ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ എഴുതുന്ന ഒബ്ജക്റ്റീവ് പരീക്ഷയായ പ്രിലിംസ്‌ പരീക്ഷയില്‍ നിന്ന് ആയിരങ്ങള്‍ മാത്രമാണ് എഴുത്തു പരീക്ഷ എന്ന മെയിന്‍സ് ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.ഒന്‍പതു പേപ്പറുകള്‍ക്കായി 1750 മാര്‍ക്കില്‍ മൂല്യ നിര്‍ണയം നടത്തപ്പെടുന്ന ആ ഘട്ടത്തില്‍ പഠിക്കേണ്ട വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യരൂപത്തിലുള്ള പ്രശ്നങ്ങളെ ആധികാരികമായി വിശകലനം ചെയ്ത് 150 മുതല്‍ 300 വാക്കുകളില്‍ തങ്ങളുടെ അഭിപ്രായം കൃത്യമായും വ്യക്‌തമായും എഴുതി പ്രതിഫലിപ്പിക്കാനുള്ള ഒരു ഉദ്യോഗാര്‍ത്ഥിയുടെ കഴിവാണ് അളക്കപ്പെടുന്നത്.

മെയിന്‍സ് പരീക്ഷ പാസായി, UPSC പേഴ്സണാലിറ്റി ടെസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന അഭിമുഖ ഘട്ടത്തിലെത്തുമ്ബോള്‍ ഒരു ഉദ്യോഗാര്‍ത്ഥിക്കു ലഭിക്കാവുന്ന മാക്സിമം മാര്‍ക്ക് 275 ആണ്. ഇവിടെ ഒരാളുടെ വ്യക്തിത്വം, വ്യക്‌തമായും കൃത്യമായും ലളിതമായും കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള കഴിവ്, അഭിപ്രായങ്ങളുടെ ആധികാരികത, ആഴത്തിലുള്ള അറിവ്, കാഴ്ചപ്പാടുകള്‍, ബൗദ്ധികമായ സത്യസന്ധത, നൈതികത തുടങ്ങിയ പല ഘടകങ്ങളുമാണ് വിലയിരുത്തപ്പെടുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് .

ഇപ്പൊ ഐ.എഫ്.എസ്, ഐഎഎസ്, ഐ പി എസ്‌, ഐ ആര്‍ എസ് തുടങ്ങി പല സര്‍വീസുകളുടെയും ഭാഗമായ ഉദ്യോഗാര്‍ഥികളുടെ പരിശീലന ഇന്റര്‍വ്യൂവിന്റെ ഭാഗമായ അനുഭവത്തില്‍ നിന്നും പറയട്ടെ; ഒരു അഭിമുഖത്തെ സ്വാധീനിക്കുന്ന പല ആപേക്ഷികമായ ഘടകങ്ങളുമുണ്ട്. ഒരാള്‍ക്ക് ചിലപ്പോള്‍ വസ്തുതാപരമായ അറിവ് കുറവാണെങ്കിലും നിലപാടുകള്‍ വളരെ കൃത്യമായിരിക്കാം..മറ്റൊരാള്‍ക്ക് ഭാഷയിലും ആശയവിനിമയത്തിലും പരിമിതികളുണ്ടായാല്‍ പോലും ആഴത്തിലുള്ള അറിവും പറയുന്നതിലെ ആത്മാര്‍ത്ഥതയും , സത്യാസന്ധതയും ആ വ്യക്തിക്ക് അനുകൂലമായ ഒരു മനോഭാവം ഇന്റര്‍വ്യൂ ബോര്‍ഡില്‍ സൃഷ്ടിച്ചേക്കാം..ചിലപ്പോള്‍ പല പരിമിതികളുള്ള ഒരു വ്യക്തിയെ സഹായിക്കുന്നത് ആ വ്യക്തിയുടെ ശരീര ഭാഷയിലൂടെ പ്രകടമാകുന്ന ആത്മവിശ്വാസമാകാം. ഇത്രയും പറഞ്ഞത് മെയിന്‍സ് പരീക്ഷയും പേഴ്സണാലിറ്റി ടെസ്റ്റും തമ്മിലുള്ള അന്തരം സൂചിപ്പിക്കാന്‍ വേണ്ടിയാണ്.

മെയിന്‍സിനു വളരെ നല്ല മാര്‍ക്കു വാങ്ങിയ പലരും ഇന്റര്‍വ്യൂവില്‍
മാര്‍ക്ക് കുറഞ്ഞത് കാരണം ഫൈനല്‍ ലിസ്റ്റില്‍ നിന്നും പുറത്തായിട്ടുണ്ട്. അതുപോലെ, മെയിന്‍സിനു വലിയ മാര്‍ക്ക് കിട്ടാത്ത പലരും ഇന്റര്‍വ്യൂവിലെ മികച്ച പ്രകടനത്തിന്റെയും മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ നേടുകയും ഉയര്‍ന്ന സര്‍വീസ്കളുടെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്..പലപ്പോഴും IRS , IIS തുടങ്ങിയ സര്‍വീസ്കളുടെ ഭാഗമായവര്‍ റാങ്ക് മെച്ചപ്പെടുത്താന്‍ വേണ്ടി അടുത്ത തവണ പരീക്ഷ എഴുതുമ്ബോള്‍ പ്രിലിംസ്‌ പോലും പാസാകാതെ വരുന്ന അവസ്ഥയുമുണ്ട് .
പറയാനുദ്ദേശിച്ചതിതാണ്; മെയിന്‍സ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു കിട്ടുന്നവര്‍ക്കു പേഴ്സണാലിറ്റി ടെസ്റ്റില്‍ മാര്‍ക്ക് ഏറെ കുറയുന്നതും മെയിന്‍സില്‍ മാര്‍ക്കു കുറഞ്ഞവര്‍ക്ക് പേഴ്സണാലിറ്റി ടെസ്റ്റില്‍ ഉയര്‍ന്ന മാര്‍ക്കു കിട്ടുന്നതും ഈ പരീക്ഷയില്‍ സാധാരണമാണ്.. മെയിന്‍സിലെ ടോപ്പര്‍ ഇന്‍റര്‍വ്യൂവിലെ ടോപ്പര്‍ ആകുമെന്നും ആകണമെന്നും ഒരിക്കലും പറയാനാകില്ല.. കേരളത്തില്‍ നിന്ന് തന്നെ പല ഉദാഹരണങ്ങള്‍ നമുക്കു ചുറ്റുമുണ്ട്..

യാഥാര്‍ഥ്യം ഇതാണെന്നിരിക്കെ, ഒരു രാഷ്ട്രീയ പ്രത്യാരോപണമെന്ന നിലയിലും കേരളത്തിലെ പി എസ് സിയുടെ വിശ്വാസ്യത തകര്‍ക്കുന്ന സംഭവങ്ങള്‍ ഉണ്ടായത് കൊണ്ടും യാതൊരു ആധികാരികതയുമില്ലാതെ, തെളിവില്ലാതെ ലോബിയിങ്ങിലുടെ upsc ഇന്റര്‍വ്യൂവില്‍ മാര്‍ക്ക് നേടാം എന്ന അഭിപ്രായ പ്രകടനത്തിലുഉടെ ഒരു ഭരണഘടനാസ്ഥാപനമായ UPSC യുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യാന്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി തയ്യാറായത് തീര്‍ത്തും നിരുത്തരവാദപരവും വേദനാജനകവുമാണ്. ഒരു രാഷ്ട്രീയ നേതാവിന്റെ മകന് സ്വാധീനഫലമായി ഇന്റര്‍വ്യൂവില്‍ മാര്‍ക്ക് കിട്ടി എന്ന് വളരെ നിസ്സാരമായി പറയുന്നത് കാലങ്ങളായി ഇന്‍റര്‍വ്യൂ ബോര്‍ഡിന്റെ ഭാഗമായി പ്രവര്‍ത്തിച്ച, പ്രവര്‍ത്തിക്കുന്ന, നൂറു കണക്കിന് പ്രഗത്ഭരായ ബ്യൂറോക്രാറ്റുകളുടെ ഇന്റഗ്രിറ്റിയെ ചോദ്യം ചെയ്യലാണ്; മുന്‍കാലങ്ങളില്‍ ഈ പരീക്ഷ പാസായി ഭരണസംവിധാനത്തിന്റെ ഭാഗമായി മാറി രാജ്യത്തിന് വലിയ സംഭാവനകള്‍ ചെയ്ത വ്യക്തികളുടെ വിജയത്തെ സംശയിക്കലാണ്;
ഈ പരീക്ഷ പാസാകുക എന്ന സ്വപ്നവുമായി ജീവിതത്തില്‍ ഒരു വലിയ റിസ്ക് എടുത്തു ഇറങ്ങിത്തിരിച്ചിരിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ അനാദരിക്കലാണ്; അവരെ ഡീമോറലൈസ് ചെയ്യലാണ്; ഒരു പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കലാണ്..

Totally unbecoming of a person occupying such an office in the field of higher education, that too in Kerala, to raise such an allegation so casually…