കേരളം ഗുരുതര സാമ്ബത്തിക പ്രതിസന്ധിയിലേക്ക്. ചരക്ക്-സേവന നികുതിയുടെ (ജി.എസ്.ടി.) പരിധിയില്‍ വരാത്ത മദ്യം, പെട്രോള്‍, ഡീസല്‍ എന്നിവയില്‍നിന്നുള്ള നികുതിവരുമാനം കുറഞ്ഞിരിക്കുകയാണ്. ഏപ്രില്‍മുതല്‍ സെപ്റ്റംബര്‍വരെ ആറുമാസം സംസ്ഥാനത്തെ വാണിജ്യനികുതിവരുമാന വളര്‍ച്ചയും പേരിന് മാത്രമാണ് ഉള്ളത്. ദൈനംദിന ചെലവുകള്‍ക്ക് റിസര്‍വ് ബാങ്കില്‍നിന്ന് മുന്‍കൂറായി പണമെടുക്കേണ്ട സ്ഥിതിയാണ്. പതിവ് ചെലവുകള്‍ക്കുപുറമേ 1994-ലെടുത്ത ഒരു വായ്പയുടെ മുതല്‍ ഇനത്തില്‍ 2200 കോടി അടയ്ക്കേണ്ടിവന്നതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ഉള്‍പ്പെടെ 18,000 പുതിയ തസ്തികകള്‍ സൃഷ്ടിച്ചതും പ്രതിസന്ധിക്ക് ആക്കംകൂട്ടി. കഴിഞ്ഞ സര്‍ക്കാര്‍ സൃഷ്ടിച്ച തസ്തികകള്‍ക്ക് അംഗീകാരം നല്‍കിയത് ഉള്‍പ്പെടെയാണിത്. ജി.എസ്.ടി.യില്‍നിന്ന് ഇപ്പോള്‍ മാസം ശരാശരി 1600 കോടിരൂപയാണ് കേരളത്തിന് കിട്ടുന്നത്. കിട്ടേണ്ടതിലും 500 കോടിയെങ്കിലും കുറവാണിത്. ട്രഷറിയില്‍ മുന്‍കാലത്തുണ്ടായിരുന്ന നിക്ഷേപങ്ങളും മറ്റും വായ്പയായി കണക്കാക്കി സംസ്ഥാനത്തിന്റെ വായ്പപരിധിയില്‍ ഈ വര്‍ഷം കേന്ദ്രം കുറവുവരുത്തിയതും തിരിച്ചടിയായി.