ജീത്തു ജോസഫും മോഹന്‍ലാലും ഒരിക്കല്‍ ഒന്നിച്ചപ്പോഴാണ് ദൃശ്യം പോലൊരു മികച്ച ചിത്രം മലയാളത്തില്‍ സംഭവിച്ചത്. അതുവരെയുള്ള ബോക്‌സോഫീസ് കലക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തിരുത്തിയെഴുതിയതാണ് ദൃശ്യം. തെലുങ്കിലും തമിഴിലും കന്നടയിലുമെല്ലാം സിനിമ റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു. മീനയായിരുന്നു ചിത്രത്തിലെ നായിക. വീണ്ടും ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിക്കുന്നു എന്ന് കേള്‍ക്കുമ്ബോള്‍ ദൃശ്യത്തില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല.
ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും എന്നാണ് അറിയാന്‍ കഴിയുന്നത്. മോഹന്‍ലാലിനെ കൂടാതെ മറ്റൊരു സൂപ്പര്‍ താരവും ചിത്രത്തിലുണ്ടാവും. തെന്നിന്ത്യന്‍ സൂപ്പര്‍ സുന്ദരി തൃഷ കൃഷ്ണയാണത്രെ ചിത്രത്തില്‍ ലാലിന്റെ നായികയായെത്തുന്നത്. അങ്ങനെ സംഭവിച്ചാല്‍, നിവിന്‍ പോളിയെ നായകനാക്കി ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഹേയ് ജൂഡ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ നാന്ദി കുറിച്ച തൃഷയുടെ രണ്ടാമത്തെ ചിത്രമാവും ഇത്.
രണ്ട് അന്യഭാഷാ ചിത്രങ്ങള്‍ക്ക് ശേഷം ജീത്തു ജോസഫ് മലയാളത്തിലേക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ഈ മോഹന്‍ലാല്‍ സിനിമയ്ക്ക് ഉണ്ടാവും. ഇമ്രന്‍ ഹഷ്മിയെയും ഋഷി കപൂറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ബോളിവുഡ് ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ജ്യോതികയെയും കാര്‍ത്തിയെയും മുഖ്യ കഥാപാത്രങ്ങളാക്കി ഒരുക്കുന്ന തമിഴ് ചിത്രം പോസ്റ്റ്‌പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.