ബുധനാഴ്ച തൃശ്ശൂരില്‍ കസ്റ്റംസ് പിടിച്ച 123 കിലോ സ്വര്‍ണം റെക്കോര്‍ഡ് സ്വര്‍ണ്ണ വേട്ടയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനുപുറമേ രണ്ടുകോടി രൂപയും 1900 യു.എസ്. ഡോളറും പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, ടണ്‍ കണക്കിന് സ്വര്‍ണം കേരളത്തിലെ വിവിധ ജില്ലകളില്‍ എത്തുന്നതായി അന്വേഷണ സംഘം പറഞ്ഞു.
അന്പതുകോടി രൂപ വിലവരുന്ന സ്വര്‍ണമാണ് ഇപ്പോള്‍ പിടിച്ചത്. ഇതില്‍ 19 കിലോ കടത്തുന്ന സമയത്തും ബാക്കിയുള്ളവ വീടുകളില്‍നിന്നും കടകളില്‍നിന്നുമാണ് കണ്ടെടുത്തത്. സംസ്ഥാനത്ത് ഇടപാട് നടക്കുന്ന സ്വര്‍ണത്തില്‍ നാലിലൊന്നുപോലും നികുതിയടച്ച് എത്തിക്കുന്നവയല്ലെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.
ക്രയവിക്രയത്തിന്റെ കൃത്യമായ വഴികള്‍ മനസ്സിലാക്കിയശേഷമായിരുന്നു ഓപ്പറേഷന്. ജൂലായ് മുതല്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിലെ ഒരു സംഘത്തെ നിരീക്ഷണത്തിനുമാത്രമായി നിയോഗിച്ചു. കേരളത്തിലെ സ്വര്‍ണ ഇടപാടുകളുടെ തലസ്ഥാനമായ തൃശ്ശൂരിലേക്ക് പൊതുഗതാഗതം വഴിയുള്ള വരവുപോക്കുകള്‍ ഇങ്ങനെയാണ് ശ്രദ്ധയില്‍പ്പെട്ടത്. വരുന്ന ആളുകള്‍, യാത്രചെയ്യുന്ന രീതി, കൈമാറ്റം എന്നിവയെല്ലാം നിരീക്ഷിച്ചു. സംശയാസ്പദമായി കണ്ടെത്തിയ മുപ്പതോളംപേരുടെ നീക്കങ്ങള്‍ സൂക്ഷ്മമായി പിന്തുടര്ന്നു.
റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍നിന്നാണ് 15 കാരിയര്‍മാരെ പിടികൂടിയത്. സ്വര്‍ണം ഏറ്റുവാങ്ങാനായി വാഹനവുമായി കാത്തുനിന്ന രണ്ടുപേരും പിടിയിലായി. ചേര്‍പ്പ്, ഊരകം, വല്ലച്ചിറ, ഒല്ലൂര്‍, മണ്ണുത്തി എന്നിവടങ്ങളിലെ 23 വീടുകളിലായിരുന്നു പരിശോധന.