സിറിയന്‍ അതിര്‍ത്തിയിയില്‍ കുര്‍ദുകള്‍ക്കെതിരെ തുര്‍ക്കി തുടങ്ങിയ ആക്രമണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനം. അഞ്ചു ദിവസമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഈ ദിവസങ്ങള്‍ക്കുള്ളില്‍ പ്രദേശത്തെ കുര്‍ദുകള്‍ ഒഴിഞ്ഞുപോവണമെന്നാണ് നിബന്ധന.

വെടിനിര്‍ത്തല്‍ ധാരണ അംനുസരിക്കുമെന്ന് കുര്‍ദുകള്‍ പ്രതികരിച്ചു. തുര്‍ക്കിയുടെ വെടിനിര്‍ത്തല്‍ കരാര്‍ അനുസരിക്കുമെന്ന് കുര്‍ദുകളുടെ സായുധ വിഭാഗമായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് (എസ്.ഡി.എഫ്) കമാന്‍ഡര്‍ മസ്‌ലൂം അബ്ദി പറഞ്ഞു.

തുര്‍ക്കി- സിറിയ അതിര്‍ത്തിയില്‍ 100 കിലോ മീറ്റര്‍ വിസ്തൃതിയിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. തെല്‍ അബയാദ് മുതല്‍ റാസല്‍ ഐന്‍ വരെയാണിത്. ഈ പ്രദേശത്തിനുള്ളില്‍ കുര്‍ദുകള്‍ ഉണ്ടാവരുതെന്നാണ് തുര്‍ക്കിയുടെ ആവശ്യം. അതിര്‍ത്തിയില്‍ നിന്ന് കുര്‍ദുകളെ അകറ്റി ‘സുരക്ഷിത സോണ്‍’ ഒരുക്കുകയാണ് തുര്‍ക്കിയുടെ ലക്ഷ്യം.

തുര്‍ക്കി ആക്രമണം എന്തിന്?

കുര്‍ദിഷ് വിഭാഗം നേതൃത്വം നല്‍കുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫ്രണ്ടി (എസ്.ഡി.എഫ്) നെതിരെയാണ് തുര്‍ക്കിയുടെ ആക്രമണം. ഐ.എസിനെതിരായ അമേരിക്കയുടെ ആക്രമണത്തില്‍ സിറിയയിലെ സഖ്യസേനയാണ് എസ്.ഡി.എഫ്. എന്നാല്‍ ഇവരെ തുര്‍ക്കി കാണുന്നത് തീവ്രവാദികളായാണ്. തുര്‍ക്കിയില്‍ നിരോധിക്കപ്പെട്ട കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി (പി.കെ.കെ) യുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇത്.

സിറിയന്‍ അതിര്‍ത്തിയില്‍ 30 കിലോമീറ്റര്‍ വരെ ‘സുരക്ഷിത സോണ്‍’ ഒരുക്കുകയാണ് തുര്‍ക്കിയുടെ ലക്ഷ്യം. സിറിയയില്‍ നിന്ന് അഭയാര്‍ഥികളായെത്തിയ 36 ലക്ഷം പേരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണിത്.