കൊച്ചി: മരടിലെ അനധികൃത ഫ്‌ളാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ മരട് പഞ്ചായത്തിലെ മുന്‍ അംഗങ്ങളും കുടുങ്ങും. അനധികൃത നിര്‍മാണത്തിന് അനുമതി നല്‍കിക്കൊണ്ട് 2006-ല്‍ പഞ്ചായത്ത് കമ്മിറ്റി ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയിരുന്നു. ഇതാണ് പഞ്ചായത്ത് അംഗങ്ങള്‍ക്ക് കുരുക്കാകുക. മിനുട്‌സിന്റെ കോപ്പി മാതൃഭൂമി ന്യൂസിന് ലഭിച്ചു.

തീരദേശ പരിപാലന നിയമത്തിന്റെ പേരില്‍ നിര്‍മാണം തടയരുതെന്നായിരുന്നു പഞ്ചായത്ത് അംഗങ്ങള്‍ പാസാക്കിയ പ്രമേയത്തില്‍ പറഞ്ഞിരുന്നത്. നിര്‍മാണം തടയരുതെന്നാവശ്യപ്പെട്ട് ഇവര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഐകകണ്‌ഠ്യേനയാണ് പ്രമേയം പാസാക്കിയത് എന്നതാണ് ശ്രദ്ധേയം.

പഞ്ചായത്ത് ഭരണസമിതിയുടെ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണത്തിന് അനുമതി നല്‍കിയ അന്നത്തെ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫിനെ കേസില്‍ പ്രതിചേര്‍ത്ത്‌ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളിപ്പോള്‍ റിമാന്‍ഡിലാണ്. രണ്ട് പഞ്ചായത്ത് ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്.

എന്നാല്‍ പഞ്ചായത്ത് ഭരണസമിതിയാണ് അനധികൃത നിര്‍മാണത്തിന് അനുമതി നല്‍കാന്‍ സെക്രട്ടറിയോട് പ്രമേയത്തിലൂടെ നിര്‍ദേശിച്ചതെന്നാണ് കണ്ടെത്തല്‍. ഇതോടെ പ്രമേയത്തില്‍ ഒപ്പിട്ട പഞ്ചായത്ത് അംഗങ്ങളും കുടുങ്ങുമെന്നുറപ്പായി. കെ.എ.ദേവസ്യയായിരുന്നു അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ്. വരും ദിസങ്ങളില്‍ ക്രൈംബ്രാഞ്ച് പഞ്ചായത്ത് അംഗങ്ങളെ ചോദ്യം ചെയ്‌തേക്കും.