വടകര : കൂടത്തായി കൊലക്കേസുമായി ബന്ധപ്പെട്ട് റോജോയുടെയും റെഞ്ചിയുടെയും ഡിഎന്‍എ പരിശോധന ഇന്ന് നടക്കും. കല്ലറയില്‍ നിന്ന് ശേഖരിച്ച ശരീരാവശിഷ്ടങ്ങള്‍ കുടുംബാംഗങ്ങളുടേത് തന്നെയാണെന്ന് തെളിയിക്കാന്‍ വേണ്ടിയാണ് ഡിഎന്‍എ പരിശോധന. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പരിശോധന നടത്തുന്നത്.

റോജോയുടെയും സഹോദരി റെഞ്ചിയുടെയും മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. രണ്ട് ദിവസങ്ങളിലായി 20 മണിക്കൂര്‍ സമയമെടുത്താണ് അന്വേഷണ സംഘം ഇരുവരില്‍ നിന്നും മൊഴി എടുത്തത്.

പൊന്നാമറ്റം ടോം തോമസിന്റെയും അന്നമ്മയുടെയും മക്കളായ റോജോക്കും റെഞ്ചിക്കും തങ്ങളുടെ മാതാപിതാക്കളുടെയും സഹോദരന്‍ റോയി തോമസിന്റെയും മരണത്തില്‍ തോന്നിയ സംശയമാണ് പരാതിയായി ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയത്. ഈ പരാതിയിലുള്ള അന്വേഷണമാണ് കൂടത്തായിയിലെ കൂട്ടമരണത്തിന്റെ ചുരുളഴിച്ചത്. മൊഴി നല്‍കാന്‍ പരാതിക്കാരനായ റോജോ അമേരിക്കയില്‍ നിന്ന് നേരിട്ടെത്തി.

അതേസമയം, ജോളിയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തും. എന്‍ഐടിക്ക് സമീപം തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന യുവതി ജോളിയുടെ സുഹൃത്താണെന്ന് പൊലീസ് പറഞ്ഞു. യുവതിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാനാവുമെന്നാണ് സൂചന. ജോളിക്കൊപ്പം യുവതി എന്‍ഐടിക്ക് സമീപം നില്‍ക്കുന്ന ചിത്രം പുറത്ത് വന്നിട്ടുണ്ട്. യുവതി ചെന്നൈയിലാണെന്നാണ് സൂചന. പ്രതികളെ തെളിവെടുക്കാന്‍ ഇന്ന് കോയമ്ബത്തൂരിലേക്ക് കൊണ്ടുപോയേക്കും.