കെ.സി.വൈ.എല്‍. എന്ന ക്‌നാനായ യുവജനപ്രസ്ഥാനം അതിന്റെ ഗോള്‍ഡന്‍ ജൂബിലി ചിക്കാഗോയില്‍ വച്ച് വിപുലമായി ആഘോഷിക്കുന്നു.  ഈ അവസരത്തില്‍ സഭാ സമുദായത്തിന്റെ ഇന്നു വരെയുള്ള വളര്‍ച്ചയുടെ കൂട്ടായ്മയ്ക്ക് ശക്തമായി നിലകൊള്ളുന്ന ഒരു സംഘടനയാണ് കെ.സി.വൈ.എല്‍. നമുക്കറിയാം ഒരു മരം ഏതു പ്രതിസന്ധിയിലും വീഴാതിരിക്കുന്നത് അതിന് നല്ല വേരുകള്‍ ഉള്ളതിനാല്‍ ആണ്. ഒരു വാഹനം വേഗത്തില്‍ ചലിക്കുന്നത് നല്ല ചക്രങ്ങള്‍ ഉള്ളതിനാല്‍ ആണ്. ഒരു ഭവനം നിലകൊള്ളുന്നത് അതിന്റെ ബലമുള്ള തറയില്‍ ആണ്. അങ്ങനെയാണ് നമ്മുടെ സഭാസമുദായത്തില്‍ കെ.സി.വൈ.എല്‍. ഉം എന്ന് എനിക്കു തോന്നുന്നു. തിരുബാലസഖ്യത്തിലും, മിഷന്‍ലീഗിലും പ്രവര്‍ത്തിച്ച് കെ.സി.വൈ.എല്ലില്‍ എത്തുമ്പോള്‍ നമ്മുടെ യുവതീ യുവാക്കളുടെ മൂര്‍ച്ച രൂപപ്പെടുകയാണ്. അങ്ങനെയാണ് വലുതും ചെറുതുമായ പ്രതിഭകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അങ്ങനെ നല്ല നേതാക്കളും, അണികളും ഉണ്ടായിക്കൊണ്ടിരിക്കുന്നു.

ഈ വരുന്ന നവംബര്‍ 1, 2, 3 തീയതികളില്‍ ഇതുവരെയുള്ള കെ.സി.വൈ.എല്‍. പ്രവര്‍ത്തകരുടെ കൂട്ടായ്മ സംഘടിപ്പിക്കുമ്പോള്‍ 50 വര്‍ഷത്തെ തലമുറകളുടെ സംഗമമായി അതു മാറുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ് ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള ക്‌നാനായ മക്കളില്‍ നിന്ന് ഉറവകള്‍ പോലെ, നീര്‍ച്ചാലുകള്‍ പോലെ ഒലിച്ചു വരുന്ന ആരവം. ഒരു അരുവി ആയിക്കൊണ്ടിരിക്കുന്നു. നവംബര്‍ 1, 2, 3 തീയതികളില്‍ അതൊരു സാഗരമായി മാറുമെന്നതില്‍ യാതൊരു സംശയവുമില്ല. എല്ലാ കമ്മിറ്റികളും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഈ സംഗമത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു പരിപാടിയാണ് റിസപ്ഷന്‍ കമ്മിറ്റി. അതിന്റെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത് കെ.സി.എസ്. മുന്‍ ട്രഷററും, ചിക്കാഗോ മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്റെ ഇപ്പോഴത്തെ പ്രസിഡന്റുമായ സ്റ്റീഫന്‍ കിഴക്കേക്കുറ്റാണ്. ഈ കമ്മിറ്റിയില്‍ സ്റ്റീഫനോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് മാത്യു ഇടിയാലി, ജിനു പുന്നച്ചേരില്‍, സണ്ണി മേലേടം, ചാരി ചാക്കോ എന്നിവരാണ്.

കെ.സി.വൈ.എല്‍. എന്ന സംഘടനയ്ക്ക് ഈടുറ്റ സംഭാവന ചെയ്ത മുന്‍കാല നേതാക്കന്മാരെ ആദരിക്കുന്ന “”അവാര്‍ഡ്” എന്ന കരുത്തുറ്റ കമ്മിറ്റിക്ക് നേതൃത്വം കൊടുക്കുന്നത് ചിക്കാഗോ കെ.സി.എസ്. ന്റെ കരുത്തനായ സെക്രട്ടറി റോയി ചേലമലയില്‍ ആണ്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത് നിഗില്‍ തേക്കിലക്കാട്ടില്‍, ലിയ കുന്നേച്ചേരില്‍ എന്നിവരാണ്. ഇതിന്റെ എല്ലാ ഒരുക്കങ്ങളും അവസാനഘട്ടത്തില്‍ എത്തി എന്ന് അവര്‍ സംയുക്തമായി പറഞ്ഞു.
റ്റാജു കണ്ടാരപ്പള്ളില്‍ അറിയിച്ചതാണിത്.