ഹൂസ്റ്റണ്‍: ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സ് അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തില്‍ ഉള്‍പ്പെട്ട ഹൂസ്റ്റണ്‍ സെന്റ് മേരീസ് യാക്കോബായ ദേവാലയത്തില്‍ ശ്ശൈഹീക സന്ദര്‍ശനം നടത്തുന്നു.

2019 നവംബര്‍ രണ്ടാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഹൂസ്റ്റണ്‍ ബുഷ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്ന പരിശുദ്ധ ബാവയെ വികാരിയും ഭദ്രാസന സെക്രട്ടറിയുമായ റവ.ഫാ. പോള്‍ തോട്ടയ്ക്കാട് ഹാരാര്‍പ്പണം നടത്തും.

പരിശുദ്ധ പിതാവിനോടുള്ള ബഹുമാനാര്‍ത്ഥം വൈകുന്നേരം 5 മണിക്ക് സഫാരി ടെക്‌സസ് റാഞ്ചില്‍ വച്ചു നടത്തപ്പെടുന്ന ബാങ്ക്വറ്റ് ഡിന്നറിലും അതോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിലും ഭദ്രാസന മെത്രാപ്പോലീത്ത അഭി. യല്‍ദോ മോര്‍ തീത്തോസ്, വിവിധ സഭാ മേലധ്യക്ഷന്മാര്‍, വൈദീക ശ്രേഷ്ഠര്‍, ഗവണ്‍മെന്റ് പ്രതിനിധികള്‍, രാഷ്ട്രീയ- സാമൂഹ്യ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ എന്നിവര്‍ക്കു പുറമെ നൂറുകണക്കിന് വിശ്വാസികളും പങ്കുചേരും. പരിശുദ്ധ ബാവയെ ചെണ്ടവാദ്യ മേളങ്ങളുടെ അകമ്പടിയോടെ കത്തിച്ച മെഴുകുതിരികളുമായി വിശ്വാസികള്‍ വരവേല്‍ക്കും. പരിശുദ്ധ പിതാവിനു സമുചിതമായ വരവേല്‍പ് നല്‍കുന്നതിനും, പിതാവില്‍ നിന്നുമുള്ള ശ്ശൈഹിക വാഴ്‌വുകള്‍ ഏറ്റുവാങ്ങുന്നതിനുമുള്ള ആ ധന്യമുഹൂര്‍ത്തത്തിനായി വിശ്വാസികള്‍ ഉത്സാഹപൂര്‍വ്വം കാത്തിരിക്കുകയാണ്.

നവംബര്‍ മൂന്നാം തീയതി ഞായറാഴ്ച ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ വി. ബലിയര്‍പ്പണവും നടക്കും. പരിശുദ്ധ ബാവയുടെ ശ്ശൈഹിക സന്ദര്‍ശനം ഹൂസ്റ്റണ്‍ സെന്റ് മേരീസ് ദേവാലയത്തിന്റെ ചരിത്രത്തിന്റെ ഏടുകളില്‍ എന്നെന്നും സ്മരിക്കപ്പെടുന്ന ഒരു മഹാസംഭവമാക്കി മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നതിലേക്കായി വികാരി റവ.ഫാ. പോള്‍ തോട്ടയ്ക്കാട്, മാത്യു ജേക്കബ് (വൈസ് പ്രസിഡന്റ്), ഷെല്‍ബി വര്‍ഗീസ് (സെക്രട്ടറി), ജിനോ ജേക്കബ് (ട്രസ്റ്റി) എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളി മാനേജിംഗ് കമ്മിറ്റിയോടൊപ്പം, പള്ളി പൊതുയോഗത്താല്‍ തെരഞ്ഞെടുക്കപ്പെട്ട വിവിധ കമ്മിറ്റികളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചുവരുന്നു.