അയോധ്യ ഭൂമിതര്‍ക്ക കേസില്‍ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ സുപ്രീം കോടതിയില്‍ വാദം പൂര്‍ത്തിയായി. കേസ് വിധിപറയാനായി മാറ്റി. തുടര്‍ച്ചയായ 40 ദിവസത്തെ വാദം കേള്‍ക്കലിനു ശേഷമാണ് കേസ് വിധിപറയാനായി മാറ്റിയത്. അഞ്ച് അംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന കേസില്‍ നവംബര്‍ 17 ന് മുന്‍പ് വിധി പറയുമെന്നാണ് കരുതുന്നത്.
ബെഞ്ചിന്റെ അധ്യക്ഷനായ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് നവംബര്‍ 17 ന് ആണ് വിരമിക്കുന്നത്. ഇതിന് മുന്‍പ് വിധി ഉണ്ടായേക്കും. കേസില്‍ വാദം കേള്‍ക്കാന്‍ കൂടുതല്‍ സമയം ഇനിയും അനുവദിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റീസ് ഇന്ന് രാവിലെ അറിയിച്ചിരുന്നു. വാദം കേള്‍ക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഒരു അഭിഭാഷകന് ആവശ്യപ്പെട്ടപ്പോഴായിരുന്നു ഇത്.
മതിയായ സമയം ഇതിനകം അനുവദിച്ചിട്ടുണ്ടെന്നും ഇന്ന് വൈകുന്നേരം അഞ്ചിനകം വാദം പൂര്‍ത്തിയാക്കണമെന്നും ചീഫ് ജസ്റ്റീസ് നിര്‍ദേശിച്ചു. കേസില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് ഹിന്ദുമഹാസഭ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയും ചെയ്തിരുന്നു.അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ എത്തിയ 14 ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് വാദം കേട്ടത്.
ഏറെ നാടകീയമായ രംഗങ്ങളാണ് വാദം കേള്‍ക്കലിന്റെ അവസാന ദിവസം അരങ്ങേറിയത്. രാമജന്മഭൂമിയുടെ സ്ഥാനം രേഖപ്പെടുത്തിയ മാപ്പ് സുന്നി വഖഫ് ബോര്‍ഡിന്റെ അഭിഭാഷകന് രാജീവ് ധവാന് വലിച്ചുകീറി. ഓള് ഇന്ത്യ ഹിന്ദു മഹാസഭ ഹാജരാക്കിയ പുസ്തകങ്ങളും രേഖകളും മാപ്പുകളുമാണ് ധവാന് ജഡ്ജിമാര്‍ക്ക് മുമ്ബില്‍ വച്ച് വലിച്ച് കീറിയത്.കീറി കളയണമെങ്കില്‍ കളഞ്ഞോളൂ എന്ന് കോടതി പറഞ്ഞതോടെയാണ് രാജീവ് ധവാന് മാപ്പ് വലിച്ചു കീറിയത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഓഗസ്റ്റ് ആറ് മുതലാണ് കേസില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വാദം കേട്ടുകൊണ്ടിരുന്നത്. സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സമിതി തര്‍ക്കം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തുടര്‍ച്ചയായി ദിവസങ്ങളില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്.ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എസ്.എ.ബോബ്ദെ, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്, എസ്.എ.നസീര്‍ എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റംഗങ്ങള്‍.