അഞ്ച് മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ശബരിമല വിഷയത്തിൽ ഇടഞ്ഞ എൻഎസ്എസിനെ അനുനയിപ്പിക്കാൻ ബിജെപി രംഗത്ത്. മുതിർന്ന നേതാവും മുൻ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരനാണ് എൻഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തുന്നത്. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുമായി സംസാരിക്കുമെന്നും തെറ്റിദ്ധാരണകൾ നീക്കുമെന്നും കുമ്മനം വ്യക്തമാക്കി.

ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിന്നത് ബിജെപി മാത്രമാണ്. യഥാർഥ അയ്യപ്പഭക്തർ ഇത് തിരിച്ചറിയും. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും കുമ്മനം വ്യക്തമാക്കി.

ശബരിമല വിഷയത്തിൽ വിശ്വാസികളെ വഞ്ചിച്ച കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ ഉപതെരഞ്ഞെടുപ്പിൽ പ്രതികരിക്കുമെന്ന് എൻഎസ്എസ് പ്രഖ്യാപിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പിൽ സമദൂരം മാറി ശരിദൂരം സ്വീകരിക്കുമെന്നും സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു.