മാർക്ക്ദാന വിവാദത്തിൽ മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള കെഎസ്യു മാർച്ചിൽ സംഘർഷം. സെക്രട്ടറിയേറ്റിലേക്ക് നടന്ന മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതേത്തുടർന്നു പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് രണ്ടിലേറെ തവണ ജലപീരങ്കി പ്രയോഗിച്ചു.
പിഎസ്സിയിലെ പരീക്ഷാ ക്രമക്കേട്, എംജി സർവകലാശാലയിലെ മാർക്ക്ദാന വിവാദം എന്നിവയിൽ അന്വേഷണം വേണമെന്നും ആവശ്യമുന്നയിച്ചായിരുന്നു മാർച്ച്. സർക്കാർ ഗേറ്റ് മറികടന്ന് മുന്നേറാനുള്ള പ്രവർത്തകരുടെ ശ്രമം പോലീസ് തടഞ്ഞതോടെ സംഘർഷമുണ്ടാകുകയായിരുന്നു. പ്രതിഷേധത്തിനിടെ ഒരു വിദ്യാർഥിനിക്ക് പരിക്കേറ്റു.
പോലീസ് അക്രമത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ ഒരു മണിക്കൂറിലേറെ സെക്രട്ടേറിയേറ്റിന് മുന്നിൽ മുദ്രാവാക്യങ്ങളുയർത്തി. വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.