കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിയുള്പ്പെടെയുള്ള മൂന്നുപേരുടേയും കസ്റ്റഡി കാലാവധി രണ്ടു ദിവസത്തേക്കു കൂടി നീട്ടി. ജോളി, കൂട്ടു പ്രതികളായ പ്രജികുമാര്, എം.എസ്. മാത്യു എന്നിവരുടെ കസ്റ്റഡിയാണ് നീട്ടി നൽകിയത്. താമരശേരി കോടതിയാണ് വെള്ളിയാഴ്ച വൈകുന്നേരം നാലുവരെ പ്രതികളുടെ പോലീസ് കസ്റ്റഡി അനുവദിച്ചത്. മൂന്ന് ദിവസത്തേക്കായിരുന്നു പ്രതികളെ പോലീസ് ആവശ്യപ്പെട്ടത്. പ്രതികളുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
കൊലപാതകത്തിനു ഉപയോഗിച്ച സയനൈഡ് പ്രതികൾ വാങ്ങിയത് കോയമ്പത്തൂരിൽനിന്നാണെന്നും ഇത് മനസിലാക്കാൻ ഇവടേക്ക് പോകേണ്ടതുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. കോയമ്പത്തൂരിൽ പ്രതികളുമായി തെളിവെടുപ്പ് നടത്താൻ മൂന്നു ദിവസത്തെ സാവകാശം കൂടി വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ വെള്ളിയാഴ്ച വൈകുന്നേരം നാലിന് മുൻപ് പ്രതികളെ ഹാജരാക്കണമെന്ന നിർദേശത്തോടെ രണ്ടു ദിവസം കൂടി കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു.
കേസിൽ പ്രതികളെ 24 മണിക്കൂർ വരെ പോലീസ് തുടർച്ചയായി ചോദ്യം ചെയ്യുന്നതായി പ്രതികളുടെ അഭിഭാഷകർ കോടതിയിൽ അറിയിച്ചു. പ്രതികളെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനും ഉറങ്ങാൻപോലും അനുവദിക്കാതെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇതുവരെ കേസിൽ പോലീസ് മതിയായ ചോദ്യം ചെയ്യൽ നടത്തിയിട്ടുണ്ട്. അതിനാൽ കസ്റ്റഡി അനുവദിക്കരുതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ ഇത് തള്ളിയാണ് കോടതി കസ്റ്റഡി അനുവദിച്ചത്. റോയ് തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പ്രതികളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
പ്രജികുമാറിന് ഭാര്യയുമായി സംസാരിക്കാൻ 10 മിനിറ്റ് കോടതി സമയം അനുവദിച്ചു. പ്രജികുമാറിന്റെ ഭാര്യയുടെ പ്രത്യേക അപേക്ഷ പ്രകാരമാണ് സമയം അനുവദിച്ചു നൽകിയത്.