കൊല്‍ക്കത്ത: ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച്‌ ബിസിസിഐയുടെ നിയുക്ത പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ‘മുന്‍പ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കണ്ടപ്പോഴും രാഷ്‌ട്രീയ ചോദ്യങ്ങളുണ്ടായിരുന്നു. ബിജെപിയെ പിന്തുണയ്ക്കുമെന്ന ഉപാധിയില്‍ അല്ല ബിസിസിഐ പ്രസിഡന്‍റ് പദവിയിലെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ക്രിക്കറ്റ് ചര്‍ച്ച ചെയ്തില്ലെന്നും’ കൊല്‍ക്കത്തയില്‍ ഗാംഗുലി പറഞ്ഞു.

ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും മുന്‍പ് അമിത് ഷായുമായി ഗാംഗുലി കൂടിക്കാഴ്‌ച നടത്തിയതാണ് അഭ്യൂഹങ്ങള്‍ സൃഷ്‌ടിച്ചത്. അമിത് ഷായുടെ ഇടപെടലോടെയാണ് ഗാംഗുലി അധ്യക്ഷ പദവിയിലെത്തിയത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്ത് 10 മാസം മാത്രം തുടരാനാവുന്ന ഗാംഗുലി 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ നിന്ന് മത്സരിക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍.

ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയെ നിയമിക്കുന്നതില്‍ താന്‍ ഇടപെട്ടുവെന്ന പ്രചാരണം തെറ്റാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ‘ബിസിസിഐ പ്രസിഡന്റിനെ കണ്ടെത്താന്‍ തനിക്ക് യാതൊരു അധികാരവുമില്ല. ബിസിസിഐയ്ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ നടപടിക്രമങ്ങളുണ്ട്. ഗാംഗുലിയെ ബിജെപിയിലേക്ക് ഇതുവരെ ക്ഷണിച്ചിട്ടില്ല. ഗാംഗുലി ബിജെപിയില്‍ ചേര്‍ന്നാല്‍ സന്തോഷമേയുള്ളൂ’ എന്നുമായിരുന്നു അമിത് ഷായുടെ വാക്കുകള്‍.

ബിസിസിഐ പ്രസിഡന്‍റായി മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഈമാസം 23ന് ചുമതലയേല്‍ക്കും. മുംബൈയില്‍ നടക്കുന്ന ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് ഗാംഗുലി അടക്കമുള്ള പുതിയ ഭാരവാഹികള്‍ ചുമതല ഏല്‍ക്കുക. അനുരാഗ് താക്കൂര്‍, എന്‍ ശ്രീനിവാസന്‍ പക്ഷങ്ങള്‍ സമവായത്തില്‍ എത്തിയതോടെ ബിസിസിഐയുടെ എല്ലാ സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് ഒഴിവായി. 2020 ജൂണില്‍ ഗാംഗുലിക്ക് ഭരണരംഗത്ത് നിന്ന് മാറിനില്‍ക്കേണ്ടിവരും