ന്യൂഡല്‍ഹി: ബാബരി ഭൂമിക്കേസിന്‍റെ അന്തിമ വാദം അവസാന ദിനത്തിലെത്തിയ ദിവസം കേസില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നിയന്ത്രണത്തിലുള്ള യു.പി സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കി. സുപ്രിം കോടതി നിയോഗിച്ച മൂന്ന് മധ്യസ്ഥന്മാരിലൊരാളായ ശ്രീരാം പഞ്ച് മുഖേനയാണ് അപേക്ഷ സുപ്രിംകോടതിയില്‍ നല്‍കിയത്.

ഇതനുസരിച്ച്‌ ബാബരി മസ്ജിദ് കേസില്‍ നിന്ന് തങ്ങള്‍ പിന്മാറുകയാണെന്നും തങ്ങള്‍ക്ക് ബാബരി ഭൂമിക്ക് മേല്‍ അവകാശവാദമില്ലെന്നും സ്ഥാപിക്കാനാണ് യു.പി സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ശ്രമിച്ചത്. എന്നാല്‍ സുപ്രിംകോടതി അപേക്ഷയില്‍ ഇത് വരെ തീരുമാനമെടുത്തിട്ടില്ല.

ബാബരി ഭൂമിയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച മറ്റൊരു ഹരജി പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഇന്ന് തളളിക്കളഞ്ഞു. ബാബരി ഭൂമിക്കേസില്‍ ഇത്രയും മതിയെന്നും ഇനിയൊരു ഹരജി ഇനി അനുവദിക്കില്ലെന്നും ഇന്ന് അഞ്ച് മണിയോടെ അന്തിമ വാദം തീര്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.