കോഴിക്കോട്: കൂടത്തായിയില്‍ കൊലചെയ്യപ്പെട്ട സിലിയുടെ ആഭരണങ്ങള്‍ കാണാതായതില്‍ ആരോപണമുന്നയിച്ച്‌ ബന്ധുക്കള്‍ രംഗത്തെത്ത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആഭരണങ്ങള്‍ കാണാതായതില്‍ ഷാജുവിനും കുടുംബത്തിനും പങ്കുള്ളതായി സംശയം ഉണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.

ആഭരണങ്ങള്‍ കാണാതായതില്‍ ജോളിക്കും പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന മൊഴിയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. നേരത്തേ, മകള്‍ ആല്‍ഫൈന്‍ മരിച്ച ദുഃഖത്തില്‍ കുഞ്ഞിന്റെ ആഭരണങ്ങള്‍ ഏതെങ്കിലും പള്ളിക്ക് നല്‍കാമെന്ന് സിലി പറഞ്ഞിരുന്നു. ഇതറിഞ്ഞാണു പുതിയ കഥയുണ്ടാക്കിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

സിലി മരിച്ച ദിവസം ആഭരണങ്ങളണിഞ്ഞ് പൊന്നാമറ്റം കുടുംബത്തിലെ വിവാഹത്തില്‍ പങ്കെടുത്ത ശേഷമാണ് താമരശേരിയിലെ ദന്താശുപത്രിയിലെത്തിയതെന്നും, ഓമശ്ശേരി ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ചുകഴിഞ്ഞ് നഴ്‌സുമാര്‍ ഈ ആഭരണങ്ങള്‍ കവറിലാക്കി ഷാജുവിനെ ഏല്‍പ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, ഒന്നര മാസത്തോളം കഴിഞ്ഞ് ഷാജു ഫോണില്‍ വിളിച്ചു പറഞ്ഞത് സിലി ആഭരണങ്ങളില്‍ ഒന്നുപോലും ബാക്കി വയ്ക്കാതെ കാണിക്കവഞ്ചിയില്‍ ഇട്ടെന്നായിരുന്നു.

അതേസമയം, കൊലക്കേസ് പ്രതി ജോളി ജോസഫ് തന്റെ സഹോദരി രഞ്ജി തോമസിനെയും വധിക്കാന്‍ ശ്രമിച്ചിരുന്നെന്നു മരിച്ച റോയിയുടെ സഹോദരന്‍ റോജോ തോമസ് പറഞ്ഞു. താന്‍ അമേരിക്കയില്‍ ആയതിനാല്‍ തന്റെ നേരെ വധശ്രമമുണ്ടായില്ലെന്നും നാട്ടില്‍ വരുമ്‌ബോള്‍ താന്‍ പൊന്നാമറ്റം വീട്ടില്‍ താമസിക്കാറുണ്ടായിരുന്നില്ലെന്നും റോജോ വ്യക്തമാക്കി. രഞ്ജി തോമസിനു നേരെയുണ്ടായ വധശ്രമത്തെക്കുറിച്ച്‌ ഇവര്‍ നേരത്തേ പൊലീസിനു മൊഴി നല്‍കിയിരുന്നു.