പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധനയും ജാമ്യാപേക്ഷയും തമ്മില്‍ ബന്ധമില്ലന്ന് ഹൈക്കോടതി . പാലാരിവട്ടം അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്റ്റു ചെയ്ത മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശമുണ്ടായത്. ഭാരപരിശോധന നടത്താതെ പാലം പൊളിക്കരുതെന്ന ഹരജിയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരിക്കുകയാണന്നും അനുമതിയില്ലാതെ പൊളിക്കരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും കേസ് നീണ്ടു പോകാനിടയുണ്ടെന്നു ജാമ്യം അനുവദിക്കണെന്നും സൂരജ് ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടു.

ഭാര പരിശോധന നടത്തുന്നതുവരെ പാലം പൊളിക്കുന്നത് സാഹചര്യ മാറ്റമാണെന്നു ചൂണ്ടിക്കാട്ടിയാണ് സുരജ് രണ്ടാമതും കോടതിയെസമീപിച്ചത്. എന്നാല്‍ സാഹചര്യങ്ങളില്‍ എന്തു മാറ്റമാണുള്ളതെന്ന് ആരാഞ്ഞ കോടതി ഭാരപരിശോധനയുമായി ജാമ്യാപേക്ഷക്ക് ബന്ധമില്ലന്ന് വ്യക്തമാക്കി. പ്രതി 45 ദിവസമായി ജയിലിലാണന്നും ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്നും സുരജ് ആവശ്യപ്പെട്ടെങ്കിലും വിജിലന്‍സ് ഇതിനെ എതിര്‍ത്തു . മറ്റ് പ്രതികളും ജയിലിലാണന്ന് വിജിലന്‍സ്ചുണ്ടിക്കാട്ടി . അടിയന്തര സാഹചര്യമില്ലന്ന് നിരീക്ഷിച്ച കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 22 ലേക്ക് മാറ്റി. അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് സംഘം വിപുലീകരിച്ചതായും മുന്‍കൂര്‍ പണം നല്‍കിയതുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തതായും വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. സുരജിന്റെ ജാമ്യാപേക്ഷയില്‍ നിലപാട് അറിയിക്കാന്‍ കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കി.