ഫേസ്ബുക്ക് ലൈവിലൂടെ സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ ഫിറോസ് കുന്നുംപറമ്ബിലിനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഫിറോസ് കുന്നുംപറമ്ബിലിനെതിരെ എത്രയും വേഗം പോലീസ് നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ ആവശ്യപ്പെട്ടു. കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയും അപമാനിക്കുന്ന തരത്തിലാണ് ഫിറോസിന്റെ പരാമര്‍ശങ്ങളെന്നും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും എംസി ജോസഫൈന്‍ പറഞ്ഞു.

ഒരു പെണ്‍കുട്ടിയെ അധിക്ഷേപിക്കാന്‍ സ്ത്രീ എന്ന വാക്ക് ഈ വിധം ഉപയോഗിച്ചതിലൂടെ കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയും ഫിറോസ് അപമാനിച്ചിരിക്കുകയാണ്.ഇതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു. ഫിറോസ് ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ആളാണെന്ന് പറയുന്നു. അങ്ങനെയുള്ളയാള്‍ക്ക് ഇത്രയും വൃത്തികെട്ട രീതിയില്‍ സ്ത്രീകളെ അഭിസംബോധന ചെയ്യാന്‍ പാടില്ല. ഇങ്ങനെയുള്ളവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടു.

മഞ്ചേശ്വരത്തെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുത്തതിന് ഫിറോസിനെ വിമര്‍ശിച്ച യുവതിക്കെതിരെയാണ് ഫിറോസ് ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായ ബന്ധമില്ലെന്ന് അവകാശപ്പെടുന്ന ഫിറോസ് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിന് എത്തിയതിനെയാണ് യുവതി ചോദ്യം ചെയ്തത്.

”എന്നെ കുറിച്ച്‌ വളരെ മോശമായ രീതിയില്‍ ഒരു സ്ത്രീ അവരുടെ ഫേസ്ബുക്ക് പേജില്‍ എഴുതിയത് കണ്ടു. ഒരു സ്ത്രീ എന്ന് പറയുമ്ബോള്‍ ഒരു കുടുംബത്തില്‍ ഒതുങ്ങാത്ത സ്ത്രീ, നാട്ടുകാര്‍ക്ക് മുഴുവന്‍ മോശമായ സ്ത്രീ, മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ, അത്തരം സ്ത്രീ എനിക്കെതിരെ വന്ന് എന്തെങ്കിലും പറഞ്ഞാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. മാന്യതയുള്ള ആരെങ്കിലുമാണ് ഇത് പറയുന്നതെങ്കില്‍ ആളുകള്‍ക്ക് ഒരു രസമൊക്കെ തോന്നിയേനെ. എന്നാല്‍ അതല്ലാതെ ഒരാള്‍ക്കും ജീവിതത്തില്‍ ഉപകാരമില്ലാത്ത, അവനവന്‍റെ ശരീര സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന മോശപ്പെട്ട സ്ത്രീ എനിക്കെതിരെ പോസ്റ്റിട്ടത് കൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല, എന്നെ മാത്രമല്ല അവര്‍ പ്രവാചകനെ പോലും അവരുടെ പേജിലൂടെ അവഹേളിച്ച സ്ത്രീയാണ്” എന്നായിരുന്നു ഫേസ്ബുക്ക് ലൈവില്‍ ഫിറോസിന്റെ വിമര്‍ശനം. ഫിറോസ് കുന്നുംപറമ്ബിലിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് യുവതി.