സാമ്ബത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിലായ പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര ബാങ്കിന്റെ മുന്‍ എംഡിയും മലയാളിയുമായ ജോയ് തോമസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. 2005ല്‍ തന്റെ പഴ്‌സനല്‍ അസിസ്റ്റന്റിനെ രഹസ്യ വിവാഹം ചെയ്ത ജോയ് തോമസ് രണ്ടുപേരുടെയും പേരില്‍ പുണെയില്‍ 9 ഫ്ലാറ്റുകള്‍ വാങ്ങിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

ഇസ്‌ലാം മതത്തില്‍ പെട്ട ഇവരെ വിവാഹം ചെയ്യുന്നതിന് ജോയ് തോമസ് മതംമാറുകയും ജുനൈദ് ഖാന്‍ എന്ന പേരു സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഔദ്യോഗിക പേര് ജോയ് തോമസ് എന്നു തന്നെ തുടരുകയായിരുന്നു. ഈ ബന്ധത്തെക്കുറിച്ച്‌ അറിഞ്ഞ ആദ്യഭാര്യ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരുന്നു. നേരത്തെ ജോയ് തോമസിന്റെ മുംബൈയിലും താനെയിലുമുള്ള 4 ഫ്ലാറ്റുകള്‍ പൊലീസ് കണ്ടുകെട്ടിയിരുന്നു. ഇതില്‍ ഒരെണ്ണം ആദ്യ ഭാര്യയിലുള്ള മകന്റെ പേരിലായിരുന്നു. രണ്ടാം ഭാര്യയില്‍ 10 വയസ്സുള്ള മകനും 11 വയസ്സുള്ള ദത്തു പുത്രിയുമുണ്ട്.

നിഷ്‌ക്രിയ ആസ്തികള്‍ കുറച്ചു കാട്ടിയതു ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആര്‍ബിഐ പിഎംസി ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു . ബാങ്കിന്റെ 70% വായ്പയും എച്ച്‌ഡിഐഎല്ലിനു നല്‍കിയതില്‍ ക്രമക്കേടു കണ്ടെത്തിയതിനെ തുടര്‍ന്ന് 4,355 കോടി രൂപയുടെ തട്ടിപ്പ് കേസാണ് സാമ്ബത്തിക കുറ്റകൃത്യ വിഭാഗം റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

6,500 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് ജോയ് തോമസിനെ അറസ്റ്റ് ചെയ്തത്. വ്യാജ അക്കൗണ്ട് വഴി അനധികൃതമായി വായ്പ അനുവദിച്ചത് ഇയാളാണെന്നാണ് കണ്ടെത്തല്‍. ബാങ്കിന്റെ മുന്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും കടം വാങ്ങിയ എച്ച്‌ഡിഐഎല്‍ (ഹൗസിങ് ഡവലപ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) ഉദ്യോഗസ്ഥര്‍ക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തതിനു പിന്നാലെയായിരുന്നു അറസ്റ്റ്.