ചിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍പ്പെട്ട ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഇടവകയുടെ കാവല്‍പിതാവായ പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളും ഇടവകയുടെ രജതജൂബിലി ആഘോഷങ്ങളും 2019 ഒക്‌ടോബര്‍ 24 മുതല്‍ 26 വരെ തീയതികളിലായി നടത്തുകയാണ്.

25 വര്‍ഷങ്ങള്‍ക്കുമുമ്പ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ ഡോ. തോമസ് മാര്‍ മക്കാറിയോസ് തിരുമേനിയുടെ തൃക്കരങ്ങളാലും കഠിനാധ്വാനത്തിനാലും ദൈവമഹത്വത്തിനായി സ്ഥാപിക്കപ്പെട്ട ഈ ദേവാലയം അമേരിക്കയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ വച്ച് പ്രമുഖമായ ദേവാലയമാണ്. കഴിഞ്ഞ 25 വര്‍ഷങ്ങളായി ആത്മീയതയുടേയും സ്‌നേഹത്തിന്റേയും, സാന്ത്വനത്തിന്റേയും കൂട്ടായ്മയുടേയും പരിമളം പരത്തിയും, ഐക്യത്തിന്റെ ആയിരമായിരം മണിനാദങ്ങള്‍ മുഴക്കിയും കുരിശിന്റെ മഹത്വവും ശക്തിയും ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ചിക്കാഗോയ്ക്ക് സമീപത്ത് ബെല്‍വുഡില്‍ “ഉണര്‍വ്വുള്ളവന്‍’ എന്ന് അര്‍ത്ഥമുള്ള പരിശുദ്ധ ഗ്രിഗോറിയോസിന്റെ നാമത്തില്‍ നിലകൊള്ളുകയാണ് ഈ ദേവാലയം.

“നിങ്ങളോട് ദൈവവചനം പ്രസംഗിച്ച് നിങ്ങളെ നടത്തിയവരെ ഓര്‍ത്തുകൊള്ളുവിന്‍’ എന്ന ദൈവ വചനപ്രകാരം നമ്മെ ആത്മീയമായി നടത്തിയ പരിശുദ്ധ പിതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍ നാം ആചരിക്കുന്നത് അനുഗ്രഹപ്രദമാണെന്ന് വികാരി ഫാ. ഡാനിയേല്‍ ജോര്‍ജ് അഭിപ്രായപ്പെട്ടു. പെരുന്നാള്‍ എന്നാല്‍ ശ്രേഷ്ഠമായ അഥവാ വിലിയ ദൗത്യം എന്നീ അര്‍ത്ഥമുള്ളതാകയാല്‍ പെരുന്നാളിന്റേയും രജതജൂബിലിയുടേയും ശ്രേഷ്ഠമായ വലിയ ദിവസങ്ങളില്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭി.ഡോ. സഖറിയാസ് മാര്‍ അപ്രേം ശുശ്രൂഷകള്‍ക്ക് പ്രധാന കാര്‍മികത്വം വഹിക്കുന്നു.  ഒരുവര്‍ഷം നീണ്ടുനിന്ന ദേവാലയ രജതജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുമ്പോള്‍ ഇടവക ദൈവസന്നിധിയില്‍ സ്വീകാര്യമായ കാഴ്ചകൂടി അര്‍പ്പിക്കുകയാണ്.

ഓരോ ഭവനവും ഓരോ ദിവസവും ഓരോ ഡോളര്‍ മാറ്റിവെച്ച് ആണ്ടിന്റെ 365 ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 365 ഡോളര്‍ ദേവാലയത്തില്‍ കൊടുക്കുകയും, പല തുള്ളി പെരുവെള്ളം എന്നതുപോലെ ഒരു വലിയ തുകയായി ശേഖരിച്ച് പെരുന്നാളില്‍ ആര്‍ഭാടങ്ങളും ആഘോഷങ്ങളും ഒഴിവാക്കി കാന്‍സര്‍ രോഗികള്‍ക്കും നിര്‍ധനരായ വിധവകള്‍ക്കും, വിവിധ കഠിന രോഗങ്ങളാല്‍ പ്രയാസപ്പെടുന്നവര്‍ക്കുമായി സഹായമായി വിതരണം ചെയ്യുകയാണ് “എളിയവനോട് കരുണ കാണിക്കുന്നവന്‍ യഹോവയ്ക്ക് വായ്പ കൊടുക്കുന്നു’ എന്ന വചനം നിവര്‍ത്തിക്കുമാറ് ഇടവക അതിന്റെ സാമൂഹിക പ്രതിബദ്ധത നിറവേറ്റുന്നു.  കൂടാതെ തിരുവചന പ്രഘോഷണം, മുതിര്‍ന്നവരെ ആദരിക്കല്‍, സ്‌നേഹവിരുന്ന് ആദിയായവയും പെരുന്നാളിന്റെ പ്രത്യേകതയാണ്.

ദേവാലയത്തിന്റെ സ്ഥാപനം മുതല്‍ നാളിതുവരേയും മാതൃകയും, സാക്ഷ്യവുമുള്ള ആടുകളെ പേരുചൊല്ലി വിളിക്കുകയും പരിപാലിക്കുകയും ചെയ്തും, പൗരോഹിത്യ ശുശ്രൂഷകള്‍ നിറപടിയായി അനുഷ്ഠിച്ചുവരുന്ന വന്ദ്യ ഡാനിയേല്‍ ജോര്‍ജ് അച്ചന്റെ ആത്മീയ നേതൃത്വത്തിലാണ് ജൂബിലി പെരുന്നാള്‍ ശുശ്രൂഷകള്‍ നടത്തപ്പെടുന്നത്.  ഒക്‌ടോബര്‍ 24-നു വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് നടക്കുന്ന സന്ധ്യാനമസ്കാരത്തിനും ധ്യാന പ്രസംഗത്തിനും അഭി. ഡോ. സഖറിയാസ് മാര്‍ അപ്രേം നേതൃത്വം നല്‍കും.  ഒക്‌ടോബര്‍ 25-നു വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ആഘോഷപൂര്‍വ്വമായ കൊടിയേറ്റ്, സന്ധ്യാ നമസ്കാരം, പ്രസംഗം, ആശീര്‍വാദം, നേര്‍ച്ചവിരുന്ന് എന്നിവയുണ്ടായിരിക്കും.

ഒക്‌ടോബര്‍ 26-നു ശനിയാഴ്ച രാവിലെ 8.30-നു പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബാന എന്നിവ നടക്കും. 11.30-നു രജതജൂബിലി സമാപന സമ്മേളനം, 12.30-നു കൊടി, കുരിശ്, മുത്തുക്കുടകള്‍, ചെണ്ടവാദ്യമേളം എന്നിവയുടെ അകമ്പടിയോടെ ഭക്തിനിര്‍ഭരമായ റാസ നടക്കും. ശേഷം ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, കൈമുത്ത്, സ്‌നേഹവിരുന്ന് എന്നിവയുമുണ്ടാകും.

സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ പെരുന്നാളും രജതജൂബിലി ആഘോഷങ്ങളും നാം ആചരിക്കുന്നതുമൂലം വിശ്വാസത്തില്‍ ദൃഢപ്പെടുവാനും വിശുദ്ധിയിലേക്ക് വളരുവാനും, തിരുവചനത്തില്‍ ശക്തിപ്രാപിക്കുവാനും, ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി ദൈവനാമം ഉയര്‍ത്തുവാനും ഏകോദര സഹോദരങ്ങളെപ്പോലെ ഐക്യത്തില്‍ ജീവിച്ച് മുന്നേറുവാനും ഇടയാകട്ടെ.

വിശ്വാസികള്‍ പെരുന്നാളിലും അനുബന്ധ പരിപാടികളിലും നോമ്പാചരണത്തോടും, വെടിപ്പോടും വിശുദ്ധിയോടുംകൂടിവന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നു ഫാ. ഡാനിയേല്‍ ജോര്‍ജ് താത്പര്യപ്പെടുന്നതോടൊപ്പം ഏവര്‍ക്കും പെരുന്നാള്‍ ജൂബിലി അനുഗ്രഹങ്ങള്‍ ആശംസിച്ചു.  പി.സി. വര്‍ഗീസ്, ഷിബു മാത്യൂസ്, ഫിലിപ്പ് കുന്നേല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.  ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.