സര്‍ക്കാര്‍ ഓഫീസുകളില്‍ ശുചീകരണ തൊഴിലാളികളായി കുടുംബശ്രീയുമായി കരാര്‍ ഒപ്പിടാന്‍ സര്‍ക്കാര്‍ ഉത്തരവ്. കൂടാതെ സെക്യൂരിറ്റി ജോലിക്കായി കെക്സോണുമായി (കേരള എക്സ്‌സര്‍വീസ് മെന്‍ ഡവലപ്പ്മെന്റ് ആന്‍ഡ് റീഹാബിലിറ്രേഷന്‍ കോര്‍പ്പറേഷന്‍) കരാര്‍ ഒപ്പിടണമെന്നും ധനവകുപ്പ് ഉത്തരവിറക്കി. ഇത്തരത്തില്‍ സേവന കരാറില്‍ ഏര്‍പ്പെടുന്നതിനാല്‍ താത്കാലിക ജീവനക്കാരെ നിയമിക്കേണ്ടെന്ന് ഇക്കഴിഞ്ഞ അഞ്ചിന് പുറത്തിറക്കിയ ഉത്തരവ് പറയുന്നു. ഫലത്തില്‍ താത്കാലിക ശുചീകരണ ജീവനക്കാരുടെ എംപ്ളോയ്മെന്റ് എക്സ് ചേഞ്ച് വഴിയുള്ള നിയമനം ഇതോടെ നിലയ്ക്കും. മാത്രമല്ല, കുടുംബശ്രീയില്‍ സ്ത്രീകള്‍ മാത്രമേ ഉള്ളൂവെന്നതിനാല്‍ ആ തസ്തികയില്‍ പുരുഷന്മാരുടെ അവസരം നിഷേധിക്കപ്പെടാനും സാദ്ധ്യതയുണ്ട്. എംപ്ളോയ്മെന്റ് എക്സ് ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവര്‍ക്കും പുതിയ തീരുമാനം തിരിച്ചടിയാവും. വിരമിച്ച സൈനികരുടെ പുനരധിവാസത്തിനായി രൂപീകരിച്ചതാണ് കെക്സോണ്‍.

എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലേയും ശുചീകരണവുമായി ബന്ധപ്പെട്ട് ജീവനക്കാരെ അതാതു വകുപ്പുകളുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി നിയമിക്കുന്നതിലുള്ള കാലതമാസം ഒഴിവാക്കുന്നതിലേക്കായും ഓഫീസും ചുറ്റുപാടുകളും വൃത്തിയായി സൂക്ഷിക്കുന്നതിനും സുരക്ഷ ഏര്‍പ്പെടുത്തിനുള്ള ജീവനക്കാരെ നിയമിക്കുന്നതും സംബന്ധിച്ച്‌ എല്ലാ വകുപ്പ് തലവന്മാരും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കുടുംബശ്രീയുമായും കെക്സോണുമായും ഏര്‍പ്പെടുന്ന സേവന കരാറുമായി ബന്ധപ്പെട്ട് വരുന്ന ചെലവുകള്‍ ‘ഓഫീസ് ചെലവുകള്‍’ എന്ന ശീര്‍ഷകത്തില്‍ നിന്നും ചെലവഴിക്കണമെന്നും ഉത്തരവ് നിര്‍ദേശിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ഓഫീസിലെ ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നതില്‍ വ്യാപകമായ ആക്ഷേപം മുമ്ബ് ഉണ്ടായിരുന്നു. തുടര്‍ന്ന് എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച് വഴി മാത്രമേ ശുചീകരണ ജീവനക്കാരെ നിയമിക്കാവൂ എന്ന് ഉത്തരവിറക്കിയിരുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ നേരിട്ട് പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാരെ നിയമിക്കരുതെന്നായിരുന്നു ഉത്തരവ്. എന്നാല്‍ പിന്നീട് ഈ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.

ഒരു സര്‍ക്കാര്‍ ഓഫീസിന്റെ വിസ്തീര്‍ണം പരിഗണിച്ചാണ് താത്കാലിക ശുചീകരണ ജീവനക്കാരെ നിയമിച്ചിരുന്നത്. കാര്‍പെറ്ര് ഏരിയ, കാര്‍ പോര്‍ച്ച്‌, സ്റ്രെയര്‍കേസ്, ടോയ്ലറ്റ്, വരാന്ത തുടങ്ങിയവ പ്രത്യേകം കണക്കിലെടുത്താണ് എത്ര താത്കാലിക ജീവനക്കാരെ നിയമിക്കണമെന്ന് തീരുമാനിച്ചിരുന്നത്. ഇതിനായി പൊതുമരാമത്ത് എന്‍ജിനീയറുടെ സര്‍ട്ടിഫിക്കറ്രും വേണ്ടിയിരുന്നു. പുതിയ ഉത്തരവോടെ സര്‍ക്കാര്‍ ഓഫീസുകളില്‍ ശുചീകരണ തൊഴിലാളികളായി കുടുംബശ്രീക്കാര്‍ വൈകാതെ എത്തും.