കരിയറിലെ ഏറ്റവും ഉയര്‍ന്ന ബോക്‌സ്‌ഓഫീസ് കളക്ഷനുമായി ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന. പുതിയ ചിത്രമായ ഡ്രീംഗേളാണ് തന്റെ പേരിലുള്ള മുന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്തത്. പ്രശസ്ത ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്റെ ട്വീറ്റ് പ്രകാരം 137 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. തന്റെ മുന്‍ ചിത്രമായ ബദായ് ഹോയുടെ പേരിലുള്ള റെക്കോര്‍ഡാണ് റൊമാന്റിക് കോമഡി വിഭാഗത്തില്‍പെടുന്ന ഡ്രീംഗേള്‍ തകര്‍ത്തത്.

136 കോടിക്കടുത്തായിരുന്നു ബദായ് ഹോയുടെ കളക്ഷന്‍. അതിന് മുമ്ബിറങ്ങിയ താരത്തിന്റെ ആര്‍ട്ടിക്കിള്‍ 15, അന്ധാദൂന്‍ എന്നീ ചിത്രങ്ങളും മികച്ച കളക്ഷന്‍ നേടിയിരുന്നു. അടുത്തിടെ റിലീസായ ഹൃത്വിക് റോഷന്‍-ടൈഗര്‍ ഷറോഫ് ചിത്രം വാര്‍, ഫര്‍ഹാന്‍ അക്തറിന്റെ സ്‌കൈ ഇസ് പിങ്ക്, ഹോളിവുഡ് ചിത്രം ജോക്കര്‍ എന്നീ ചിത്രങ്ങളുടെ റിലീസിനിടയിലും ഡ്രീംഗേളിന്റെ കളക്ഷനെ ബാധിക്കുന്നില്ലെന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.

രാജ് ഷാന്‍ദില്യ ആണ് സംവിധാനം ചെയ്ത ചിത്രത്തില്‍ നുഷ്രത് ബറൂച്ചയാണ് നായിക. അന്നു കപൂര്‍, വിജയ് റാസ്, അഭിഷേക് ബാനര്‍ജി, രാജ് ബന്‍സാലി എന്നിവരാണ് മറ്റുതാരങ്ങള്‍. സെപ്തംബര്‍ പതിമൂന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. രണ്ട് ആഴ്ചക്കുള്ളില്‍ തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു.