പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട നിർണായക രേഖ പൊതുമരാമത്ത് വകുപ്പിൽ നിന്നും കാണാതായെന്ന് സംശയം. പാലം നിർമിച്ച ആർഡിഎസ് കമ്പനിക്ക് മുൻകൂർ പണം നൽകാൻ മന്ത്രി ഉത്തരവിട്ട നോട്ട് ഫയലാണ് അപ്രത്യക്ഷമായത്. നോട്ട് ഫയൽ ആവശ്യപ്പെട്ട് പൊതുമരാമത്ത് സെക്രട്ടറിക്ക് വിജിലൻസ് ഡയറക്ടർ കത്ത് നൽകിയിട്ടുണ്ട്. എന്നാൽ വകുപ്പിൽ നിന്നും ഫയൽ നേരത്തെ തന്നെ അപ്രത്യക്ഷമായെന്നാണ് റിപ്പോർട്ടുകൾ.

പാലം നിർമാണ കരാർ കമ്പനിയായ ആർഡിഎസിന് മുൻകൂറായി 8.25 കോടി നൽകാൻ മന്ത്രി ഉത്തരവിട്ട ഫയലാണിത്. നിർമാണ കരാർ ലഭിച്ച ശേഷം മുൻകൂർ തുക ആവശ്യപ്പെട്ട് റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോർപ്പറേഷനാണ് ആർഡിഎസ് കമ്പനി ആദ്യം അപേക്ഷ നൽകിയത്. കോർപ്പറേഷൻ ഈ അപേക്ഷ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി.ഒ.സൂരജിന് കൈമാറുകയായിരുന്നു.

സൂരജാണ് അപേക്ഷ പരിശോധിച്ച് ഫയൽ റോഡ് ഫണ്ട് ബോർഡിന് കൈമാറിയത്. പണം നൽകുന്നതിന് അനുമതി തേടി റോഡ് ഫണ്ട് ബോർഡ് ഫയൽ പിന്നീട് മന്ത്രിയുടെ പരിഗണനയ്ക്ക് അയച്ചു. മന്ത്രി ഫയലിൽ തന്‍റെ കുറിപ്പ് രേഖപ്പെടുത്തി അയച്ച ശേഷമാണ് കമ്പനിക്ക് പാലം പണിയുന്നതിന് മുൻപ് തന്നെ ഭീമമായ തുക കിട്ടിയത്.

അഴിമതിയിൽ പൊതുമരാമത്ത് വകുപ്പ് മുൻമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്‍റെ പങ്ക് തെളിയിക്കുന്ന നിർണായ രേഖയാണ് നഷ്ടമായതെന്നാണ് വിജിലൻസ് വാദം. നോട്ട് ഫയൽ വകുപ്പിലുണ്ടെങ്കിൽ നൽകണമെന്നും അല്ലെങ്കിൽ നഷ്ടപ്പെട്ടുവെന്ന് വ്യക്തമാക്കണമെന്നും നഷ്ടപ്പെട്ടെങ്കിൽ എങ്ങനെ എന്നുമാണ് വിജിലൻസ് ആരാഞ്ഞിരിക്കുന്നത്.