ആനക്കൊന്പ് കേസിൽ നടൻ മോഹൻലാലിന് ഹൈക്കോടതിയുടെ നോട്ടീസ്. മോഹൻലാലിന്റെ കൈവശമുള്ള 13 ആനക്കൊന്പുകൾ പിടിച്ചെടുക്കണമെന്ന ഹർജിയിലാണു ചീഫ് ജസ്റ്റീസ് എസ്.മണികുമാർ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
ആനക്കൊന്പ് കൈവശം വയ്ക്കാൻ മോഹൻലാലിനു നൽകിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്സർവേറ്റർ പത്തനംതിട്ട കലഞ്ഞൂർ സ്വദേശി ജെയിംസ് മാത്യു സമർപ്പിച്ച ഹർജിയാണു കോടതി പരിഗണിച്ചത്. ആനക്കൊന്പ് കേസിൽ വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചെങ്കിലും തൊണ്ടിമുതൽ കണ്ടെടുത്തിട്ടില്ല. തൊണ്ടിമുതൽ കോടതിയിൽ ഹാജരാക്കാതെ ക്രിമിനൽ കേസ് എടുത്തത് നീതിന്യായ ചരിത്രത്തിൽ തന്നെ ആദ്യമാണന്നും ഹർജിക്കാരൻ ആരോപിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കും.
ആനക്കൊന്പുകൾ കൈവശം വച്ചെന്ന കേസിലെ കുറ്റപത്രം നിലനിൽക്കില്ലെന്നും തന്റെ പേരു ചീത്തയാക്കാൻ ഒന്നിനു പിറകേ ഒന്നായി കള്ളക്കേസുകൾ നൽകുന്നുണ്ടെന്നും വ്യക്തമാക്കി നടൻ മോഹൻലാൽ ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നൽകിയിരുന്നു. ആനക്കൊന്പുകൾ കൈവശം വയ്ക്കാൻ മോഹൻലാലിന് അനുമതി നൽകിയതിനെതിരേ ആലുവ ഉദ്യോഗമണ്ഡൽ സ്വദേശി എ.എ. പൗലോസ് നൽകിയ ഹർജിയിലാണു മറുപടി സത്യവാങ്മൂലം നൽകിയത്.
തൻറെ കൈവശമുള്ള ആനക്കൊന്പുകൾക്കു സർക്കാർ നൽകിയ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനു വന്യജീവി സംരക്ഷണ നിയമപ്രകാരം മുൻകാല പ്രാബല്യമുണ്ടെന്നും സത്യവാങ്മൂലം പറയുന്നു. പൊതുതാല്പര്യത്തേക്കാൾ പബ്ലിസിറ്റിയാണു പല വ്യക്തികളും സംഘടനകളും നല്കുന്ന ഹർജിക്കു പിന്നിലെന്ന് ഹൈക്കോടതി തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും ഹർജിക്കാരനിൽനിന്ന് കോടതിച്ചെലവ് ഈടാക്കാൻ കഴിയുന്ന കേസാണിതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
മോഹൻലാലിൻറെ വീട്ടിൽ നടത്തിയ റെയ്ഡിൽ ആദായ നികുതി വകുപ്പ് രണ്ടു ജോഡി ആനക്കൊന്പുകളും ആനക്കൊന്പിൽ തീർത്ത കലാരൂപങ്ങളും കണ്ടെടുത്തിരുന്നു. തുടർന്ന് 2012-ൽ രജിസ്റ്റർ ചെയ്ത കേസിൽ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കഴിഞ്ഞ സെപ്റ്റംബർ 16-ന് പെരുന്പാവൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകി.
എന്നാൽ 2016 ജനുവരി 16-ന് ആനക്കൊന്പുകളുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ നൽകി. ആ നിലയ്ക്ക് കേസ് നിലനിൽക്കില്ലെന്നിരിക്കെ ഏഴു വർഷം വൈകി കുറ്റപത്രം നൽകിയതുതന്നെ ഉപദ്രവിക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണെന്നും കുറ്റപത്രത്തിേ·ൽ നടപടി തുടരുന്നതു പറഞ്ഞറിയിക്കാനാവാത്ത ബുദ്ധിമുട്ടും അപരിഹാര്യമായ നഷ്ടവുമുണ്ടാക്കുമെന്നും മോഹൻലാലിൻറെ സത്യവാങ്മൂലത്തിൽ പറയുന്നു.