തമിഴ് സിനിമയില്‍ നായകന്മാരെ പോലെ ഹീറോയിസമുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു പ്രശസ്തരായ നടിമാര്‍ ഏറെയാണ് .വിജയശാന്തിയില്‍ തുടങ്ങി നയന്‍‌താര,ടാപ്‌സി ,ജ്യോതിക എന്നിവര്‍ ഉദാഹരണം .ഇവരുടെയൊക്കെ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ വിജയങ്ങളുമായിരുന്നു .ഇപ്പോള്‍ ഈ നിരയില്‍ പുതുതായി സ്ഥാനം നേടുന്ന നടി ഹന്‍സികയാണ്.

ഹന്‍സിക അഭിനയിക്കുന്ന ,നായികാ പ്രാധാന്യമുള്ള ഈ പുതിയ പേരിടാത്ത സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത പ്രശസ്‌ത ക്രിക്കറ്റ് താരം ശ്രീശാന്ത് ഈ ചിത്രത്തിലൂടെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു എന്നതാണ് . ഹാസ്യ നടന്‍ യോഗി ബാബുവിന് നായകനായി സ്ഥാനക്കയറ്റം നല്‍കി ധര്‍മ്മ പ്രഭു എന്ന സിനിമ നിര്‍മ്മിച്ച പി.രംഗനാഥനാണ് ശ്രീ വാരി പിക്‌ചേഴ്‌സിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് . അംബിളി ,ആ (AAAH ),ജംബുലിംഗം എന്നീ സിനിമകള്‍ സംവിധാനം ചെയ്‌തിട്ടുള്ള ഹരി – ഹരീഷ് ഇരട്ടകളാണ് സംവിധായകര്‍ .ഡിസംബറില്‍ ചിത്രീകരണം തുടങ്ങുന്ന സിനിമയുടെ പ്രമേയം ഒരു ഹൊറര്‍ കോമഡി പ്രേത കഥയത്രേ.