2019 സെപ്റ്റംബർ 15 ഞായർ സായാഹ്നം. ന്യുയോര്‍ക്ക് കേരളാ സെന്ററിൽ വ്യത്യസ്തമായ ഒരു വിഷയവുമായി കവിയും എഴുത്തുകാരനുമായ രാജു തോമസിന്റെ അദ്ധ്യക്ഷതയിൽ സർഗ്ഗവേദി പുതിയൊരദ്ധ്യായം തുറന്നു. സരസവും സര്‍ഗ്ഗാത്മകവുമായ ഒരു വിഷയം ”ബാല്യ കൗമാര യവ്വനങ്ങളിലെ പ്രണയാനുഭവങ്ങൾ – ഒരു തുറന്നുപറച്ചിൽ”. കാലത്തിന്റെ കറപുരളാത്ത മുത്തുമണികൾ ഓരോന്നായി ഓർമ്മകളുടെ സ്പടികത്തിളക്കത്തിൽ മിന്നിമറഞ്ഞു സർഗ്ഗവേദിയിൽ.
പി. ടി. പൗലോസ് തന്റെ ഗതകാലങ്ങളിലെ മധുരിക്കുന്ന പ്രണയാനുഭവങ്ങൾ സദസ്യർക്ക് പങ്കുവച്ചുകൊണ്ടുകൊണ്ട് തുറന്നുപറച്ചിലിന് തുടക്കമിട്ടു. മിക്ക സാഹിത്യരചനകളുടെയെല്ലാം അടിസ്ഥാനംതന്നെ പ്രണയമാണ്. അത് മഴയോടാകാം, പുഴയോടാകാം,
പക്ഷിമൃഗാദികളോടാകാം, നീലാകാശത്തിലെ നക്ഷത്രങ്ങളോടാകാം, പ്രകൃതിയുടെ നിറപ്പകിട്ടിനോടാകാം, ചക്രവാളങ്ങൾക്കപ്പുറത്തെ അനന്തമായ കാണാപ്പുറങ്ങളോടാകാം.
സ്ത്രീക്കും പുരുഷനും പ്രണയിക്കാം. പുരുഷനും പുരുഷനും പ്രണയിക്കാം.
സ്ത്രീക്കും സ്ത്രീക്കും പ്രണയിക്കാം. സ്വയം ആത്മാവിനെതന്നെയും പ്രണയിക്കാം. ഇത്രയും ആമുഖമായി പറഞ്ഞുകൊണ്ട് പൗലോസ് തുടർന്നു . തന്റെ ബാല്യകാലത്തിലെ പ്രണയം കൂട്ടിലടച്ച കോഴിക്കുഞ്ഞുങ്ങളോടായിരുന്നു. കൂട്ടിലടച്ച കോഴികളെ തുറന്നുവിടുമ്പോൾ അമ്മ വടിയും ശകാരവുമായി പിറകെ എത്തുന്നത് സ്ഥിരം പതിവായിരുന്നു. വളർത്തുനായ്ക്കളെയും ആട്ടിൻകുഞ്ഞുങ്ങളെയും റോസ് നിറത്തെയും പ്രണയിച്ചിട്ടുണ്ട്. നോട്ടുബുക്ക് കവറുകള്‍ക്ക് റോസ് നിറം വേണമെന്ന് ശാഠ്യം പിടിക്കുമായിരുന്നു. ബാല്യം കൗമാരത്തിന് വഴിമാറുന്നതിനു മുൻപ് തോട്ടിന്‍കരയിലെ മണൽപ്പരപ്പിൽ മലർന്നുകിടന്ന തന്റെ നെഞ്ചത്തിരുന്നു മണ്ണുവാരിക്കളിച്ചുകൊണ്ട് വാഴപ്പിള്ളി കുഞ്ഞേലി ചോദിച്ചു ”എടാ, നിന്നെ ഞാനങ്ങ് കെട്ടട്ടെ ?”. ”ആയിക്കോ കുഞ്ഞേലി” എന്ന മറുപടി കേട്ടതോടെ അവൾ തോട്ടിറമ്പിലെ പുല്ലാന്തിവള്ളി പറിച്ചു തന്റെ കഴുത്തിൽകെട്ടി ആൺ പെൺ പ്രണയത്തിന്റെ ആദ്യാക്ഷരം കുറിച്ചു . നാലാം ക്‌ളാസിൽ പഠിക്കുമ്പോൾ ക്ലാസ്സ്ടീച്ചർ രാധാമണിടീച്ചർക്ക് ആദ്യത്തെ പ്രണയലേഖനമെഴുതിപ്പിച്ച ഒരു വില്ലൻ കൂട്ടുകാരനും തനിക്കുണ്ടായിരുന്നു . സത്യമറിഞ്ഞപ്പോൾ തന്നോട് ക്ഷമിച്ച രാധാമണിടീച്ചറിന്റെ ഹൃദയവിശാലതയെ ആദരവോടെ സ്മരിച്ചുകൊണ്ട് തുടർന്നു . കൗമാരത്തിൽ പ്രണയത്തിന്റെ രീതിയും ഭാവവും മാറി. സ്കൂൾ വാർഷികദിനത്തിലെ ഡാൻസ് പരിപാടിയിൽ ”ചെപ്പുകിലുക്കണ ചങ്ങാതി…..” സ്ഥിരം പാടുന്ന ഇടത്തെ കവിളിൽ കറുത്ത മറുകുള്ള വെളുത്ത മേരിക്കുട്ടി, ലബോറട്ടറി ക്‌ളാസ്സിലേക്ക് പോകുമ്പോൾ പിറകിൽനിന്നും കാലിൽ ചവിട്ടിയാൽ ഇടതുവശത്തേക്ക് കിറികോട്ടി കൊഞ്ഞനംകുത്തുന്ന സി. വി. ഏലിയാമ്മ, ഡ്രില്ലിന് വിടുമ്പോൾ 9B യില്‍ നിന്നും തന്റെ ചലനങ്ങൾ രഹസ്യമായി നിരീക്ഷിക്കുന്ന ചന്ദ്രമണി കെ. നായർ, വെള്ളിയാഴ്ചകളിൽ ആകാശനീല നിറമുള്ള ഓയിൽ നീണ്ടപാവാടയും വെള്ളയിൽ കറുത്ത പുള്ളികളുള്ള നീളൻബ്ലൗസുമിടുന്ന 10C യിലെ ഇരുനിറക്കാരി ലീലാമ്മ ഐസക്. ഇവർക്കെല്ലാം എഴുതിയ പ്രണയലേഖനങ്ങൾ മുട്ടത്തു വർക്കിയുടെ പ്രണയസാന്ദ്രമായ നോവലുകളുടെ കൊച്ചു കൊച്ചു പതിപ്പുകളായിരുന്നു. കോളേജ് തലത്തിൽ എത്തിയപ്പോൾ മോളി എബ്രാഹവും താനും അസ്ഥിയിൽ പിടിച്ച പ്രേമവുമായി കോളേജ് ക്യാമ്പസ് പ്രണയത്തിന്റെ പൂരപ്പറമ്പാക്കി. തന്റെ ആത്മാവിന്‍റെ അന്തരാളങ്ങളിൽ അവാച്യമായ അനുഭൂതികളുടെ തായമ്പക കൊട്ടിച്ച അവളെ ഒരു വേനൽക്കാല അവധിക്കാലത്ത് ഒരു വടക്കൻ പറവൂർക്കാരൻ അവറാച്ചൻ കെട്ടി ബോംബെക്ക് കൊണ്ടുപോയതുകൊണ്ട് അവളുടെ അപ്പൻ ഇട്ട പേര് മാറ്റേണ്ടി വന്നില്ല. ഇപ്പോഴും മോളി എബ്രാഹം തന്നെ. മുപ്പത് വർഷങ്ങൾക്കു ശേഷം മുംബെയിൽ അവളുടെ വീട്ടിൽ ഒരു ദിവസം ഗസ്റ്റ് ആയി താമസിക്കേണ്ടിവന്നത് യാദൃഛികം എന്ന് പൗലോസ് പറഞ്ഞുനിറുത്തി.
രാജു തോമസ് പറഞ്ഞത് കോളേജ് പഠനകാലത്തെ ‘ചുറ്റിക്കളി’കളെ കുറിച്ചായിരുന്നു. പക്ഷെ വീട്ടുകാരെ പേടിച്ച് അതൊന്നും ഫലപ്രാപ്തിയിൽ എത്തിയില്ല. ചിന്നമ്മ സ്റ്റീഫന് പറയാനുണ്ടായിരുന്നത് ചെറുപ്പകാലത് എല്ലാത്തിനോടും ഇഷ്ടമുണ്ടായിരുന്നു എന്നതാണ്. പ്രണയം വിവാഹതലത്തിലേക്കുയർന്നപ്പോൾ അതിന്റെ തീവ്രത കൂടി. തെരേസ ആന്റണിയുടെ പഠനം ഗേൾസ് സ്കൂളിലും വിമൻസ് കോളേജിലും ഒക്കെ ആയിരുന്നു. അന്ന് തന്റെ പ്രണയം നന്നായി പഠിപ്പിക്കുന്ന ടീച്ചറോട് ആയിരുന്നു. ടീച്ചറിന്റെ ഇഷ്ടം കിട്ടാൻ റോസാപ്പൂവ് കൊടുക്കുമായിരുന്നു. അത് അസൂയക്കാരികളായ പല കൂട്ടുകാരികളെയും സൃഷ്ടിക്കാൻ കാരണമായി എന്ന് തെരേസ ആന്റണി പറഞ്ഞു.
ഇ. എം. സ്റ്റീഫന്റെ പ്രണയം പി. കേശവദേവിനോടും എ. ടി. കോവൂരിനോടും ഇ.എം.എസ് നോടും
ശ്രീനാരായണ ഗുരുവിനോടും പവനനോടും ഒക്കെ ആയിരുന്നു. എങ്കിലും രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ അടിസ്ഥാന വർഗ്ഗത്തിൽപ്പെട്ട ഒരു പെൺകുട്ടിയോട് ലേശം മോഹം തോന്നാതിരുന്നില്ല. ഒരു തീവണ്ടിയാത്രയിൽ കണ്ടുമുട്ടിയ മറ്റൊരു പെൺകുട്ടിയെ അക്ഷരാർത്ഥത്തിൽ പ്രണയിച്ചു. പക്ഷെ ഒരുവർഷം കഴിഞ്ഞപ്പോൾ അവൾക്ക് ദുബായിക്ക് പോകണമെന്ന് പറഞ്ഞു. അതോടെ ആ മോഹവും അകാലചരമം പ്രാപിച്ചു. ഇന്നത്തെ പ്രണയം സ്വന്തം ഭാര്യ കഴിഞ്ഞാൽ കേരളാ സെന്ററിനോടാണെന്ന് സ്റ്റീഫൻ താത്വികമായി പറഞ്ഞു.
ഡോഃ നന്ദകുമാർ ചാണയിൽ ഒരു യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ചതുകൊണ്ടും ആൺകുട്ടികളുടെ സ്കൂളിലും കോളേജിലും പഠിച്ചതുകൊണ്ടും ഒരു ആൺ പെൺ പ്രണയത്തിന് സ്കോപ്പ് ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞു. പോസ്റ്റ് ഗ്രാജുവേഷന്‍ കാലത്ത് പെൺകുട്ടികളോട് ഇടപെടുവാൻ സാഹചര്യം ഉണ്ടായിരുന്നെങ്കിലും വീട്ടിൽനിന്നും കിട്ടിയ ശിക്ഷണം ഒരു പ്രേമത്തിലേക്ക് വളരുവാൻ അനുവദിച്ചില്ല. എങ്കിലും വീട്ടിൽ വളർത്തിയ ഒരു ആടിനെ ‘സീത’ എന്ന് പേരിട്ട് പ്രണയിച്ചിരുന്നു എന്ന് ഡോഃ നന്ദകുമാർ പറഞ്ഞു.
പഠനകാലത്ത് ഒരു പെൺകുട്ടിക്ക് പുസ്തകത്തിൽ തന്റെ ഫോട്ടോ വച്ചുകൊടുക്കുകയും ഒരു വർഷം കഴിഞ്ഞ് ഫോട്ടോയോടുകൂടി പുസ്തകം തിരിച്ചുകിട്ടിയ അനുഭവം സരസമായി വിവരിച്ചുകൊണ്ടാണ് സാനി അമ്പൂക്കൻ തന്റെ മനസ്സ് തുറന്നത് . അക്കാലത്ത് പെൺകുട്ടികളെ പ്രണയിക്കാൻ സങ്കോചമായിരുന്നു. എന്നിരുന്നാലും നൃത്തം, സംഗീതം, സ്പോർട്സ് ഇനങ്ങളിൽ പ്രാവീണ്യം നേടുന്ന പെൺകുട്ടികളെ ഇഷ്ടമായിരുന്നു. പ്രണയത്തിനു വ്യവസ്ഥകൾ പറയുന്ന പെൺകുട്ടികളോട് അകൽച്ചയും ഉണ്ടായിരുന്നു എന്ന് സാനി തുറന്നു പറഞ്ഞു.
സന്തോഷ് പാല തന്റെ അനുഭവങ്ങളിലേക്ക് ഒരെത്തിനോട്ടം നടത്തി. പ്രണയത്തിന്റെ മുകുളങ്ങൾ വിരിയുന്നത് കാബസ്സുകളില്‍ നിന്നാണ് എന്നദ്ദേഹം പറഞ്ഞു. ആൺകുട്ടികളുടെ സ്കൂളിലും കോളേജിലും പഠിച്ചത് കൊണ്ട് പ്രണയത്തിന്റെ പൂമൊട്ടുകൾ വിരിയിക്കാനുള്ള സാധ്യത വ്യക്തിപരമായി കുറവായിരുന്നു. പുഷ്പിച്ച പ്രണയത്തിന്റെ സൗരഭ്യം കൂടുതൽ അനുഭവിക്കാൻ കഴിയുന്നത് ബസ്സ് യാത്രകളിലാണ്. പലരുടെയും പ്രണയസാഫല്യത്തിന് ഇടനിലക്കാരനാകാൻ തനിക്കവസരം കിട്ടിയിട്ടുണ്ട്. ആ നല്ല കാലത്തെകുറിച്ച് ഓർക്കുമ്പോൾ നഷ്ടബോധമുണ്ട്. ആ നൊസ്റ്റാള്‍ജിയായിലേക്ക് ഒരു മടങ്ങിപ്പോക്കിന് മനസ്സ് കൊതിക്കുന്നു എന്ന് സന്തോഷ് പറഞ്ഞവസാനിപ്പിച്ചു.
ഡോഃ നന്ദകുമാർ ചാണയിൽ എല്ലാവർക്കും ഓണാശംസകൾ നേർന്നുകൊണ്ട് അദ്ധ്യക്ഷനും സദസ്സിനും നന്ദി പറഞ്ഞതോടെ ഒരു സർഗ്ഗസായാഹ്നം സമാപ്തിയിലെത്തി.
- പി. ടി. പൗലോസ്