ന്യൂജേഴ്‌സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുതിയ പ്രസിഡന്റായി ആഴ്ചവട്ടം ഓണ്‍ലൈന്‍ ചീഫ് എഡിറ്റര്‍ ഡോ. ജോര്‍ജ് എം. കാക്കനാട്ട് അവരോധിക്കപ്പെട്ടു. എട്ടാം മാധ്യമ കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പ്രസിഡന്റ് മധു കൊട്ടാരക്കര പുതിയ പ്രസിഡന്റിന് സ്ഥാനമാനങ്ങള്‍ കൈമാറുകയായിരുന്നു. രണ്ടു വര്‍ഷത്തേക്കാണ് ജോര്‍ജ് കാക്കനാട്ടിന് ചുമതല.

അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പുതിയൊരു മാധ്യമ അവബോധം സൃഷ്ടിച്ചതില്‍ ബഹുമുഖ പങ്ക് വഹിച്ചയാളാണ് ജോര്‍ജ് കാക്കനാട്ട്. ഹ്യൂസ്റ്റണ്‍ കേന്ദ്രമാക്കി ആഴ്ചവട്ടം എന്ന പേരില്‍ ആഴ്ചപത്രം പ്രസിദ്ധീകരിച്ച് അമേരിക്കയിലെങ്ങും പ്രചരപ്പിച്ചു. ഇന്റര്‍നെറ്റിന്റെ കടന്നുകയറ്റത്തോടെ പ്രിന്റില്‍ നിന്നും ഓണ്‍ലൈനിലേക്ക് ആഴ്ചവട്ടത്തെ മാറ്റിയ കാക്കനാട്ട് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഓണ്‍ലൈന്‍ വായനയില്‍ പുതിയൊരു സംസ്‌കാരം കെട്ടിപ്പടുക്കുന്നതിലാണ് ഇപ്പോള്‍ പ്രയത്‌നിക്കുന്നത്. അമേരിക്കന്‍ മലയാളികള്‍ക്ക് വാര്‍ത്തയുടെ ചൂടും ചൂരും നിറം മങ്ങാതെ എത്തിച്ചു കൊടുക്കുന്നതിലും പത്രധര്‍മ്മത്തോടു പുലര്‍ത്തുന്ന നീതിബോധവുമാണ് ജോര്‍ജ് കാക്കനാട്ടിനെ പുതിയ ചുമതലയിലേക്ക് എത്തിച്ചത്. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഒന്‍പതാമത് കോണ്‍ഫറന്‍സ് ഹൂസ്റ്റണില്‍ വച്ചാണ് നടക്കുന്നത്. പുതിയ ഭരണസമിതിയുടെ കാലാവധി ജനുവരി മുതല്‍ ആരംഭിക്കും.