ഹ്യൂസ്റ്റണ്‍: ഫോമാ അന്തര്‍ദേശിയ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് ഹ്യൂസ്റ്റനില്‍ നടന്നു. റോയല്‍ കരീബിയന്‍ ആഡംബര കപ്പലില്‍ 2020 ജൂലൈ 6 മുതല്‍ 10 വരെ നടക്കുന്ന കണ്‍വെന്‍ഷന്റെ കിക്ക് ഓഫ് ഫോമയുടെ തറവാടായ ഹ്യൂസ്റ്റനില്‍ നടന്നു. ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ഫോമാ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, ഫോമാ അന്തര്‍ദേശിയ റോയല്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ബിജു തോമസ് ലോസണ്‍, വൈസ് ചെയര്‍മാന്‍ ബേബി മണക്കുന്നേല്‍, ഡാളസ് മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് സാമുവേല്‍ മത്തായി, മലയാളീ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ പ്രസിഡന്റ് മാര്‍ട്ടിന്‍ ജോണ്‍, സാമയുടെ പ്രസിഡന്റ് ജിജി ഒലിക്കന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഹൂസ്റ്റണില്‍ നിന്നുള്ള ആദ്യ രജിസ്‌ട്രേഷന്‍ ഫോമയുടെ പ്രഥമ ട്രഷറര്‍ എന്‍. ജി. മാത്യു പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനു നല്‍കിക്കൊണ്ട് ഉത്ഘാടനം ചെയ്തു. സൗത്ത്‌വെസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റ് തോമസ് ഒലിയാംകുന്നേലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഹൂസ്റ്റണിലെ നിരവധി സംഘടനകളെ പ്രതിനിധീകരിച്ചു നേതാക്കള്‍ പങ്കെടുത്തു.

ഹ്യൂസ്റ്റണിലെ ഗാല്‍വസ്റ്റണില്‍ നിന്നും പുറപ്പെടുന്ന ഈ കപ്പലില്‍ അഞ്ചു പകലും നാലു രാത്രിയും വിവിധ പരിപാടികളോടെ കുടുംബസമേതം ചെലവിടാന്‍ പറ്റുന്ന രീതിയിലാണ് കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത് എന്ന് ചാമത്തില്‍ പറഞ്ഞു.

കേരളത്തനിമയോടെ കൂടിയുള്ള വിനോദ പരിപാടികളും ഭക്ഷണവും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള പരിപാടികളും കോര്‍ത്തിണക്കി ഒരു കുടുംബസമേതമുള്ള വെക്കേഷന്‍ പാക്കേജ് ആണ് ഇത്തവണത്തെ ഫോമാ കണ്‍വെന്‍ഷന്‍ എന്നു കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ആയ ബിജു തോമസ് അറിയിച്ചു. ഇക്കഴിഞ്ഞ ജൂലൈ പതിനൊന്നാം തീയതി ചേര്‍ന്ന് ഫോമായുടെ നാഷണല്‍ കമ്മിറ്റി യോഗം കപ്പലില്‍ ഒരു കണ്‍വെന്‍ഷന്‍ എന്ന ആശയത്തെ സ്വാഗതം ചെയ്തിരുന്നു. സാധാരണയായി നാലുദിവസം നടത്താറുള്ള കണ്‍വെന്‍ഷന്‍ അഞ്ചുദിവസമായി കൂട്ടുമ്പോള്‍ ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എല്ലാം ആവേശഭരിതരാണ്.

കപ്പലില്‍ ഒരു കണ്‍വെന്‍ഷന്‍ എന്ന ആശയത്തിനു എല്ലാവിധ പിന്തുണയും നല്‍കിയ ഫോമാ നാഷണല്‍ കമ്മിറ്റി അംഗങ്ങളോടും ഫോമയുടെ സുഹൃത്തുക്കളോടും ഉള്ള നന്ദി പ്രസിഡണ്ട് ഫിലിപ് ചാമത്തില്‍ അറിയിച്ചു. കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ഓണ്‍ലൈനിലൂടെയും അല്ലാതെയുമുള്ള സാങ്കേതികമായ കാര്യങ്ങള്‍ ഭംഗിയായി പുരോഗമിക്കുന്നതായി ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം അറിയിച്ചു. 2018-2020 കമ്മിറ്റി ഒരുക്കുന്ന ഈ ക്രൂസ് കണ്‍വെന്‍ഷന്റെ വിജയത്തിനായി അമേരിക്കന്‍ മലയാളികള്‍ മാത്രമല്ല ഫോമായെ സ്‌നേഹിക്കുന്ന ലോകത്തുള്ള എല്ലാ അഭ്യുദയകാംക്ഷികളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിക്കുന്നതായി നേതാക്കള്‍ അറിയിച്ചു.

ഫോമയുടെ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്ത യോഗത്തില്‍ ബേബി മണക്കുന്നേല്‍ സ്വാഗതവും നാഷണല്‍ കമ്മിറ്റി അംഗം രാജന്‍ യോഹന്നാന്‍ നന്ദിയും പറഞ്ഞു. ഡോ. സാം ജോസഫ്, ബാബു മുല്ലശേരി, മാത്യു മുണ്ടക്കന്‍, ജിജു കുളങ്ങര തുടങ്ങിയവര്‍ കിക്കോഫ് മീറ്റിംഗിന് നേതൃത്വം നല്‍കി.