ദില്ലി: രാജ്യത്തെ സാമ്ബത്തിക രംഗം തകര്‍ച്ചയിലൂടെ കടന്ന് പോകുമ്ബോള്‍ നരേന്ദ്ര മോദി സര്‍ക്കാരിന് നേരെ വിമര്‍ശനം ഉന്നയിച്ച്‌ സാമ്ബത്തിക ശാസ്ത്രജ്ഞന്‍ പറക്കാല പ്രഭാകര്‍. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവ് കൂടിയായ പ്രഭാകര്‍ ദ ഹിന്ദു പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സാമ്ബത്തിക രംഗത്തെ കരകയറ്റുന്നതിന് പുതിയ നയരൂപീകരണത്തിന് മോദി സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ലേഖനത്തില്‍ പ്രഭാകര്‍ കുറ്റപ്പെടുത്തുന്നു.

ബിജെപി സര്‍ക്കാരിന് സാമ്ബത്തിക രംഗത്തെ സമ്ബൂര്‍ണ തകര്‍ച്ചയില്‍ നിന്ന് പിടിച്ച്‌ നിര്‍ത്താനുളള പോംവഴിയും ലേഖനത്തില്‍ നിര്‍ദേശിക്കുന്നത്. ഉദാരവത്കരണത്തിന് വഴി തുറന്ന നരസിംഹറാവു-മന്‍മോഹന്‍സിംഗ് സാമ്ബത്തിക മോഡല്‍ പിന്തുടരാനാണ് മോദി സര്‍ക്കാരിനോട് പറക്കാല പ്രഭാകര്‍ ആവശ്യപ്പെടുന്നത്.

നെഹ്രുവിയന്‍ സോഷ്യലിസത്തെ കുറ്റപ്പെടുത്തുന്നതിന് പകരം റാവു-മന്‍മോഹന്‍ മാതൃക പിന്തുടരുകയാണ് വേണ്ടത്. സാമ്ബത്തിക രംഗം അപകടത്തിലാണ് എന്ന യാഥാര്‍ത്ഥ്യം സര്‍ക്കാര്‍ നിഷേധിച്ച്‌ കൊണ്ടിരിക്കുകയാണ്. എന്നാല്‍ രാജ്യത്തെ ഓരോ മേഖലയും വന്‍ വെല്ലുവിളികളിലൂടെയാണ് കടന്ന് പോകുന്നത് എന്ന് ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. ഇന്നത്തെ അവസ്ഥയ്ക്ക് കാരണം ബിജെപിയുടെ ന്യായീകരിക്കാനാവാത്ത അനാസ്ഥയാണെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

ജനസംഘത്തിന്റെ കാലം തൊട്ടേ നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് സാമൂഹിക കാഴ്ചപ്പാടുകളെ നിരാകരിക്കുകയാണ്. ബിജെപിയുടെ പിന്തുണ മുതലാളിത്ത ആശയങ്ങള്‍ക്കാണ്. സാമ്ബത്തിക നയരൂപീകരണത്തില്‍ ഇതല്ല ഇതല്ല എന്നാണ് ബിജെപി ആവര്‍ത്തിച്ച്‌ കൊണ്ടിരിക്കുന്നത്. സ്വന്തമായി ഒരു പോളിസിയും സൃഷ്ടിക്കാതെയാണിത്. റാവു-സിംഗ് സാമ്ബത്തിക മാതൃക സ്വീകരിക്കുന്നതോടെ ഇന്ന് അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയില്‍ നിന്ന് നരേന്ദ്ര മോദി സര്‍ക്കാരിന് കരകയറാന്‍ സാധിക്കുമെന്നും ലേഖനത്തില്‍ പറയുന്നു.