ദില്ലി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെതിരെ കുരുക്ക് മുറിക്കി ആദായ നികുതി വകുപ്പ്. കേസില്‍ ശിവകുമാറിന്‍റെ 80 വയസായ അമ്മയോടും ഭാര്യയോടും ഹാജരാകാന്‍ ഇഡി നിര്‍ദ്ദേശം നല്‍കി. നേരത്തേ ഡികെയുടെ മകള്‍ ഐശ്വര്യയേയും സഹോദരനും എംപിയുമായ ഡികെ ശിവകുമാറിനേയും കേസില്‍ ചോദ്യം ചെയ്തിരുന്നു.
ഡി കെ ശിവകുമാറിന്‍റെ അമ്മ ഗൗരമ്മയോട് ഈ 15 ന് ഹാജരാകാനും ഭാര്യ ഉഷയോട് 17 ന് ഹാജരാകാനുമാണ് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. നേരത്തേയും കള്ളപ്പണം വെളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ഐടി വകുപ്പ് ശിവകുമാറിന്‍റെ അമ്മയെ വിളിപ്പിച്ചിരുന്നു. ബെംഗളൂരു ഓഫീസില്‍ ഹാജരാകാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ അന്ന് ഡികെയും അമ്മയെ അനുഗമിച്ചിരുന്നു.
കേസില്‍ ഇതുവരെ 50 ഓളം പേരെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.നേരത്തേ കേസില്‍ ശിവകുമാറിന്‍റെ മകള്‍ ഐശ്വര്യയേയും എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തിരുന്നു. ഐശ്വര്യ കൈകാര്യം ചെയ്ത ട്രസ്റ്റുമായി ബന്ധപ്പെട്ട് അനധികൃത രേഖകകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.
ഹവാല ഇടപാട് കേസില്‍ സപ്തംബര്‍ 3 നാണ് കോണ്‍ഗ്രസ് നേതാവായ ഡികെ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്യുന്നത്. കണക്കില്‍പ്പെടാത്ത 429 കോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തിയെന്നാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണം. കേസില്‍ ഇപ്പോഴും തിഹാര്‍ ജയിലില്‍ തുടരുകയാണ് ശിവകുമാര്‍.
2017 ഓഗസ്റ്റില്‍ അന്ന് മന്ത്രിയായിരുന്ന ശിവകുമാറിന്‍റെ ദില്ലിയിലെ വസതിയില്‍ കണ്ടെടുത്ത എട്ടു കോടിയിലധികം രൂപയില്‍ ഏഴു കോടി കള്ളപ്പണം എന്നാണ് എന്‍ഫോഴ്‌സ്‌മെന്‍റിന്‍റെ കണ്ടെത്തല്‍. തന്‍റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാറിന്‍റെ വിശദീകരണം. ആദായനികുതി വകുപ്പാണ് അന്ന് ശിവകുമാറിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്.