കൊച്ചി: ആനക്കൊമ്ബ് കേസില്‍ വനംവകുപ്പിനെതിരെ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ആനക്കൊമ്ബ് കേസില്‍ തന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് ശ്രമമെന്ന് മോഹന്‍ലാല്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
തനിക്ക് ആനക്കൊമ്ബ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഉണ്ട്. ലൈസന്‍സിന് മുന്‍കാല പ്രാബല്യമുണ്ട്. അതുകൊണ്ട് തന്നെ ആനക്കൊമ്ബ് സൂക്ഷിക്കുന്നതില്‍ നിയമ തടസമില്ല. ആനക്കൊമ്ബ് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് തനിക്കെതിരെ നല്‍കിയ കുറ്റപത്രം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും മോഹന്‍ലാല്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു .
ആനക്കൊമ്ബു കേസുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്ക് പെരുമ്ബാവൂര്‍ മജിസ്ട്രേറ്റ് കോടതി സമന്‍സ് അയച്ചിരുന്നു. കേസില്‍ മോഹന്‍ലാലിനെ ഒന്നാം പ്രതിയാക്കിയാണ് പെരുമ്ബാവൂര്‍ കോടതി കുറ്റപത്രം സമര്‍പ്പിച്ചത്. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി പി എന്‍ കൃഷ്ണ കുമാര്‍, തൃപ്പൂണിത്തുറ ഏരൂര്‍ സ്വദേശി കെ കൃഷ്ണ കുമാര്‍, ചെന്നൈ സ്വദേശി നളിനി രാധാകൃഷ്ണന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. സെപ്തംബര്‍ 16 നാണ് പ്രതികള്‍ക്കെതിരെ വനം വകുപ്പ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ആനക്കൊമ്ബ് കൈവശം വച്ചതിന് മോഹന്‍ലാല്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ പരമാവധി അഞ്ചു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. മോഹന്‍ലാലിന്റെ തേവരയിലുളള വീട്ടില്‍ ആദായികുതി വിഭാഗം നടത്തിയ റെയ്ഡില്‍ നാലു ആനക്കൊമ്ബുകള്‍ കണ്ടെത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു.