രാജ്യം മുഴുവന്‍ ഉറ്റു നോക്കുന്ന ബാബരി കേസില്‍ വിധി പറയാന്‍ ഇനി ദിവസങ്ങള്‍. നവംബര്‍ പകുതിയോടെ വിധി പ്രഖ്യാപിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്‌ടോബര്‍ 17ന് കേസില്‍ വാദം കേള്‍ക്കല്‍ അവസാനിക്കും. വിധി വരുന്നതിന് മുന്നോടിയായി ഡിസംബര്‍ പത്തു വരെ അയോധ്യയിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ബാബരി കേസുമായി ബന്ധപ്പെട്ട വാദം ഒക്ടോബര്‍ 18ന് അവസാനിപ്പിക്കണമെന്ന് സുപ്രിം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഒക്ടോബര്‍ 18നകം വാദം അവസാനിപ്പിക്കാന്‍ എല്ലാ കക്ഷികള്‍ക്കും അന്ത്യശാസനം നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 18ന് ശേഷം വാദത്തിനായി ഒരു ദിവസം പോലും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് അറിയിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്ന തീയതിയായ നവംബര്‍ 17ന് മുമ്ബ് വിധി പുറപ്പെടുവിക്കാനാണ് സുപ്രിംകോടതി നീക്കം. 70 വര്‍ഷം നീണ്ട കേസിനാണ് വിധിയോടെ അന്ത്യമാകുക. വാദം അവസാനിച്ച് കൃത്യം ഒരുമാസത്തിന് ശേഷമായിരിക്കും വിധി. ആഗസ്ത് ആറുമുതലാണ് സുപ്രിം കോടതി തുടര്‍ച്ചയായി അയോധ്യകേസില്‍ വാദം കേള്‍ക്കുകയാണ്. അലഹാബാദ് ഹൈക്കോടതി വിധിക്കെതിരേ വിവിധ കക്ഷികള്‍ സമര്‍പ്പിച്ച ഹരജികളിലാണ് തുടര്‍ച്ചയായി അഞ്ചംഗ ബെഞ്ച് വാദം കേള്‍ക്കുന്നത്.
വിവാദ ഭൂമിയായ 2.77 ഏക്കര്‍ രാംലല്ല, നിര്‍മോഹി അഖാര, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്ക് തുല്യമായി വീതിച്ചു നല്‍കണമെന്നായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ വിധി. 2017ല്‍ അന്നത്തെ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് തലവനായ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കല്‍ ആരംഭിച്ചത്. ദീപക് മിശ്ര വിരമിച്ചതിന് ശേഷം 2018 ഒക്ടോബര്‍ 29 മുതല്‍ പുതിയ ബെഞ്ചിന് മുന്നിലാണ് കേസ്.