കോഴിക്കോട് കൂടത്തായി കൊലപാതക പരമ്ബരയിലെ പരാതിക്കാരനായ റോജോ തോമസ് അമേരിക്കയില്‍ നിന്ന് നാട്ടിലെത്തി. മരണപ്പെട്ട ടോം തോമസിന്റെ മകനും റോയി തോമസിന്റെ സഹോദരനുമാണ് റോജോ. അന്വേഷണ സംഘത്തിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് റോജോ തോമസ് നാട്ടിലെത്തിയിരിക്കുന്നത്. ഇന്നു പുലര്‍ച്ചെ നെടുമ്ബാശേിയിലെത്തിയ റോജോയെ പോലീസ് അകമ്ബടിയോടെ സഹോദരി റെഞ്ചി താമസിക്കുന്ന കോട്ടയത്തെ വൈക്കത്തെ വീട്ടില്‍ എത്തിച്ചു.
റോജോയുടെ പരാതിയുടെയും മൊഴിയുടെയും വിവരാവകാശ രേഖകളുടെ പകര്‍പ്പും അടിസ്ഥാനമാക്കിയാണ് കൂടത്തായി കേസ് പോലീസ് പുനരന്വേഷിക്കുന്നത്. ഇക്കഴിഞ്ഞ ജൂലായിലാണ് കുടുംബത്തിലെ ദുരൂഹമരണങ്ങള്‍ ചൂണ്ടിക്കാട്ടി റോജോയും സഹോദരി റെഞ്ചിയും പരാതി നല്‍കുന്നത്. ഇരുവര്‍ക്കും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. പൊന്നാമറ്റം ടോം തോമസിന്റെ ഇളയമകനായ റോജോ അമേരിക്കയില്‍ സ്ഥിരമതാമസമാണ്.
കേസില്‍ റോജോയുടെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് സംഘം ഉടന്‍ തന്നെ വൈക്കത്തെ റെഞ്ചിയുടെ വീട്ടിലെത്തുമെന്നാണ് സൂചന. മാധ്യമങ്ങളെ കാണരുതെന്ന് റോജോയ്ക്ക് നിര്‍ദേശമുണ്ടെന്നും സൂചനയുണ്ട്. അതേസമയം കേസില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ വീണ്ടും ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും. ഇതു മൂന്നാം വട്ടമാണ് ഷാജുവിനെ ചോദ്യം ചെയ്യുന്നത്. ഷാജുവിന്റെ പിതാവ് സഖറിയയോടും വടകര റൂറല്‍ എസ്പി ഓഫീസില്‍ ചോദ്യം ചെയ്യാനായി ഹാജരാകാന്‍ നിര്‍ദേശമുണ്ട്.