ഇന്ത്യയുടെ വളര്‍ച്ചനിരക്കില്‍ വലിയ ഇടിവുണ്ടാകുമെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. നടപ്പ് സാമ്ബത്തികവര്‍ഷത്തെ പ്രതീക്ഷിത വളര്‍ച്ചനിരക്ക്‌ ആറ്‌ ശതമാനമായി താഴും. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. മാന്ദ്യം പിടിമുറുക്കിയെന്ന് വെളിപ്പെടുത്തുന്നതാണ് ലോകബാങ്കിന്റെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ സാമ്ബത്തികസ്ഥിതിയെ കുറിച്ചുള്ള റിപ്പോര്‍ട്ട്‌. വളര്‍ച്ചയില്‍ നേപ്പാളിലും ബം​​ഗ്ലാദേശിനും പിന്നിലാണ് ഇന്ത്യ. നോട്ടുനിരോധനവും തയ്യാറെടുപ്പില്ലാതെ കൊണ്ടുവന്ന ചരക്ക് സേവന നികുതിയുമാണ് തകര്‍ച്ചയ്‌ക്ക്‌ കാരണം. രാജ്യത്തെ ദാരിദ്ര്യം വര്‍ധിക്കും. കറ​ന്റ് അക്കൗണ്ട് കമ്മി മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 2.1 ശതമാനമായി വര്‍ധിച്ചു. കേന്ദ്രസര്‍ക്കാരി​ന്റെ പൊതുകടം വര്‍ധിച്ച്‌ ജിഡിപിയുടെ 5.9 ശതമാനമായി. ഇത്രമേല്‍ ദുര്‍ബലമായ സാഹചര്യം സാമ്ബത്തികരം​ഗത്ത് ഘടനാപരമായ ​പ്രതിസന്ധിക്ക് കാരണമാകുമെന്നും വളര്‍ച്ചയെ കാര്യമായി പിന്നോട്ടടിക്കുമെന്നും റിപ്പോര്‍ട്ട്‌ വെളിപ്പെടുത്തി.

ഗ്രാമീണ സമ്ബദ്‌വ്യവസ്ഥ തകര്‍ന്നു

ഗ്രാമീണ സമ്ബദ്‌വ്യവസ്ഥയ്‌ക്ക്‌ തിരിച്ചടിയേറ്റതും നഗരത്തില്‍ തൊഴിലില്ലായ്‌മ വര്‍ധിച്ചതും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി. ഗ്രാമീണതലത്തിലെ വേതനവര്‍ധന മന്ദഗതിയിലായി. ‘ആഭ്യന്തര ആവശ്യം’ കുറഞ്ഞതും ബാങ്ക്‌ ഇതര ധനസ്ഥാപനങ്ങളുടെ വായ്‌പയിലെ ഇടവും വന്‍ തിരിച്ചടിയായി. ഇന്ത്യന്‍ വാഹനവിപണി കൂപ്പുകുത്തിയത്‌ ഇതിന്റെ പ്രതിഫലനമാണ്‌. മാന്ദ്യം നേരിടാന്‍ കോര്‍പറേറ്റ്‌ നികുതി കുറച്ച കേന്ദ്രസര്‍ക്കാര്‍ നീക്കത്തിലും ലോകബാങ്ക്‌ ആശങ്ക പ്രകടിപ്പിച്ചു.

വളര്‍ച്ച ഇടിവ്‌ തുടര്‍ക്കഥ

രണ്ടാംവര്‍ഷമാണ് വളര്‍ച്ചനിരക്ക് കൂപ്പുകുത്തുന്നത്. കഴിഞ്ഞ സാമ്ബത്തികവര്‍ഷത്തെ വളര്‍ച്ച 6.9 ശതമാനമായിരുന്നു. നടപ്പ് സാമ്ബത്തികവര്‍ഷം ഏഴര ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു തുടക്കത്തിലുള്ള പ്രതീക്ഷ. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ വളര്‍ച്ച ആറുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ച്‌ ശതമാനമായി. ജൂലൈ-സെപ്‌തംബറില്‍ വളര്‍ച്ച 5.3 ശതമാനം ആയിരിക്കുമെന്നാണ്‌ റിസര്‍വ്‌ബാങ്ക്‌ നിഗമനം. 2019ലെയും 2020ലെയും പ്രതീക്ഷിത വളര്‍ച്ച 0.3 ശതമാനം വീതം ഐഎംഎഫ്‌ ജൂലൈയില്‍ വെട്ടിക്കുറച്ചു. മാന്ദ്യം ശക്തമായി ബാധിക്കുമെന്ന്‌ ഐഎംഎഫിന്റെ മേധാവി ക്രിസ്‌റ്റലീന ജോര്‍ജിവ കഴിഞ്ഞദിവസം മുന്നറിയിപ്പ്‌ നല്‍കി. സാമ്ബത്തികവളര്‍ച്ച 5.8 ശതമാനമായി ഇടിയുമെന്ന്‌ അന്താരാഷ്ട്ര ധനകാര്യനിരീക്ഷണ ഏജന്‍സിയായ മൂഡീസിന്റെ റിപ്പോര്‍ട്ടും വ്യക്തമാക്കിയിരുന്നു.

ഇന്ത്യ ബംഗ്ലാദേശിനും നേപ്പാളിനും പിന്നില്‍
ഇന്ത്യയേക്കാള്‍ വേഗത്തിലാണെന്ന്‌ ബംഗ്ലാദേശിന്റെയും നേപ്പാളിന്റെയും ഭൂട്ടാന്റെയും വളര്‍ച്ചയെന്ന്‌ ലോകബാങ്ക്‌ റിപ്പോര്‍ട്ട്‌. ബംഗ്ലാദേശിന്റെ നടപ്പ് സാമ്ബത്തികവര്‍ഷത്തെ പ്രതീക്ഷിതവളര്‍ച്ച 8.1 ശതമാനമാണ്‌. ഭൂട്ടാന്‍ 7.4 ശതമാനം വളര്‍ച്ച നേടി കുതിപ്പ്‌ നടത്തും. ദക്ഷിണേഷ്യന്‍ മേഖലയുടെ ആകെ വളര്‍ച്ച 1.1 ശതമാനം കുറഞ്ഞ്‌ 5.9 ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ.