ന്യു ജെഴ്‌സി: ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുഖ്യധാരാ രാഷ്ട്രീയ പുരസ്‌കാരം സണ്ണിവേല്‍, (ടെക്‌സസ്) മേയര്‍ സജി ജോര്‍ജ് മന്ത്രി കെ.ടി. ജലീലില്‍ നിന്നു ഏറ്റുവാങ്ങി. രാഷ്ടീയ രംഗത്ത് മലയാളികള്‍ നേട്ടം കൈവരിക്കുന്നതില്‍ മന്ത്രി അഭിമാനം കൊണ്ടു. പ്രസ് ക്ലബിന്റെ ആദരവ് ഏറ്റ് വാങ്ങുമ്പോള്‍ താന്‍ കൂടുതല്‍ വിനയാന്വിതനാവുന്നുവെന്ന് മേയര്‍ സജി ജോര്‍ജ് പറഞ്ഞു.

കുടിയേറ്റ ഭൂമികയിലെ ബാലറ്റ് യുദ്ധത്തില്‍ നേര്‍വിജയം നേടി മേയറായ സജി ജോര്‍ജിനെ പുരസ്‌കാര ജേതാവായി നിര്‍ണയിക്കാന്‍ ഇന്ത്യ പ്രസ്‌ക്ലബ്ബിന് പുനര്‍വായന നടത്തേണ്ടി വന്നില്ല.അമേരിക്കന്‍ രാഷ്ട്രീയത്തെ ആചാരവെടി മുഴക്കാതെ തന്നിലേക്ക് അടുപ്പിച്ച അദ്ദേഹം തന്നെയാണ് പുരസ്‌കാരത്തിന് ഏറ്റവും യോഗ്യന്‍ എന്ന് ഇന്ത്യ പ്രസ്‌ക്ലബ്ബ് ഏകകണ്ഠ മായി തീരുമാനിക്കുകയായിരുന്നു.

ഫൊക്കാന പ്രസിഡന്റ് ബി. മാധവന്‍ നായര്‍, ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ഇന്ത്യ പ്രസ് ക്ലബ്ബ് മുന്‍ പ്രസിഡന്റ് ടാജ് മാത്യു എന്നിവരടങ്ങുന്നതായിരുന്ന ജൂറി. ഇന്തന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ ഇസ്റോ) ശാസ്ത്രജ്ഞനായിരുന്നുസജി ജോര്‍ജ്.കുടിയേറ്റക്കാരാനായി വന്ന് ഇവിടുത്തെ രാഷ്ട്രീയത്തി ല്‍ പിച്ചവച്ച അദ്ദേഹം നാലുതവണ സണ്ണിവെയ്ല്‍ കൗണ്‍സില്‍ അംഗമായിരുന്നു.

ടെക്സസ് ടെക് യൂണിവേഴ്സിറ്റിയില്‍ ബിരുദാനന്തര പഠനത്തിനായി 1989 ല്‍ എത്തിയ സജി ജോര്‍ജ് ആദ്യകാലം മുതല്‍ പ്രാദേശിക സാമൂഹിക മേഖലയില്‍ സജീവമായിരുന്നു. സമൂഹത്തിന്റെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ട സജി ജോര്‍ജ് മേഖലയുടെ വിദ്യാഭ്യാസ പുരോഗതിക്കും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. ഇതിനിടെ എം.ബി.എ ബിരുദവും കരസ്ഥമാക്കി.