ന്യു ജെഴ്‌സി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏറ്റവും മികച്ച മലയാളി അസോസിയേഷുള്ള പുരസ്‌ക്കാരം മങ്ക മുന്‍  പ്രസിഡന്റ് സജന്‍ മൂലേപ്ലാക്കല്‍, മുന്‍  സെക്രട്ടറി സുനില്‍ വര്‍ഗീസ് എന്നിവര്‍ മന്ത്രി കെ.ടി. ജലീലില്‍ നിന്നു ഏറ്റുവാങ്ങി. നിറഞ്ഞ കയ്യടികളോടെയാണ് ജനം അവരെ എതിരേറ്റത്.

മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ മികച്ചപ്രവര്‍ത്തനങ്ങള്‍ സമൂഹം അംഗീകരിക്കുന്നു എന്നതിനു തെളിവായി ഈ പുരസ്‌കാരം.

സാന്‍ഫ്രാന്‍സിസ്‌ക്കോ ബേ ഏരിയയില്‍ കഴിഞ്ഞ 37 വര്‍ഷമായി മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന കേരളത്തിലെ സാമൂഹിക പ്രവര്‍ത്തനങ്ങളിലും മുന്നില്‍ തന്നെയുണ്ട്. കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് ഒരു ലക്ഷത്തിലധികം ഡോളറാണ് മങ്ക നല്‍കിയത്.

അമ്പതിനായിരം ഡോളറിന്റെ ചെക്ക് മുഖ്യമന്ത്രിക്ക് നേരിട്ടും ശേഷിച്ച അമ്പതിനായിരം ഡോളര്‍ കൊണ്ട് ഫോമ-തണല്‍ എന്നീ പ്രസ്ഥാനങ്ങളിലൂടെ ആറു വീടുകള്‍ നിര്‍മ്മിച്ചും നല്‍കി. ഇതിനു പുറമേ ഫൊക്കാന ഭവനം പദ്ധതിയിലൂടെ മൂന്നു വീടുകളും നിര്‍മ്മിച്ചു നല്‍കി.

മങ്കയുടെ ഇക്കഴിഞ്ഞ ഓണാഘോഷത്തിനു 2200 പേര്‍പങ്കെടുത്തു എന്നു പറയുമ്പോള്‍ ജന പിന്തുണ ഊഹിക്കാമല്ലോ.

വോളിബോള്‍ ടൂര്‍ണമെന്റ്, കര്‍ഷകശ്രീ തുടങ്ങി വ്യത്യസ്തമായ പരിപാടികളിലും സജീവമായി പ്രവര്‍ത്തിക്കുന്നു. സാമൂഹ്യപ്രവര്‍ത്തനത്തിലെ പ്രതിബദ്ധത, ജീവകാരുണ്യ പ്രവര്‍ത്തനമികവ്, പിറന്ന നാടുമായുള്ള ബന്ധം, കര്‍മ്മഭൂമിയിലെ പ്രവര്‍ത്തനചാതുര്യം തുടങ്ങി നിരവധി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ലഭിച്ച നോമിനേഷന്റെ പേരിലാണ് മങ്കയെ തെരഞ്ഞെടുത്തത്.

പ്രമുഖ പത്രപ്രവര്‍ത്തകനും കോളമിസ്റ്റും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്ഥാപകാംഗങ്ങളിലൊരാളുമായ ജോര്‍ജ് തുമ്പയില്‍ ചെയര്‍മാനായ ജൂറിയില്‍ മികച്ച സംഘടനാ നേതാക്കളായ കൊച്ചിന്‍ ഷാജി (മുന്‍ ഫോമ ജനറല്‍ സെക്രട്ടറി), ഫിലിപ്പോസ് ഫിലിപ്പ് (മുന്‍ ഫൊക്കാന ജനറല്‍ സെക്രട്ടറി) എന്നിവരും അംഗങ്ങളായിരുന്നു.