തിരുവനന്തപുരം : ഭരതന്നൂരിലെ പതിനാലുകാരന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് നാളെ മൃതദേഹം പുറത്തെടുത്ത് റീപോസ്റ്റ്മോര്‍ട്ടം നടപടികള്‍ സ്വീകരിക്കും. 10 വര്‍ഷം മുന്‍പ് നടന്ന ദുരൂഹ മരണം. പൊലീസ് അന്വേഷിച്ചു അപകട മരണമെന്ന് വിധിയെഴുതി.
ക്രൈ ബ്രാഞ്ച് അന്വേഷണത്തില്‍ കൊലപാതകമെന്ന് തെളിഞ്ഞു. എന്നിട്ടും ഇത് വരെയും പ്രതിയെ പിടികൂടാനായില്ല. മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തു കേസിനു തുമ്ബുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ക്രൈംബ്രാഞ്ച്.
പാല് വാങ്ങാന്‍ വീട്ടില്‍ നിന്ന് പോയ കുട്ടി. പാല് വാങ്ങിയെങ്കിലും തിരികെ വന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം വീടിനടുത്തുള്ള കുളത്തില്‍ കണ്ടെത്തി. ലോക്കല്‍ പൊലീസ് അന്വേഷിച്ചു ഒരു സംശയവുമില്ലാതെ റിപ്പോര്‍ട്ട് നല്കി.
അബദ്ധത്തില്‍ കുളത്തില്‍ വീണ് മുങ്ങി മരണമെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ ആദര്‍ശിന്റെ നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ടെന്നും, കുളത്തിലെ വെള്ളം കുടിച്ചിട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വൈരുധ്യം ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങിയപ്പോള്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. അപകട മരണമെന്ന് കരുതിയിരുന്നത് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കൊലപാതകമെന്ന് തെളിഞ്ഞു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കൂടത്തായി മോഡലില്‍ മൃതദേഹം പുറത്തെടുത്തെടുത്ത് നാളെ വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമനിക്കുന്നത്.