മോസ്‌കോ : ലോക ബോക്സിങ് ചാമ്ബ്യന്‍ ഷിപ്പിലെ 48കിലോഗ്രാം വനിത വിഭാഗത്തില്‍ റഷ്യയുടെ എക്തറീന പല്‍കേവയോട് തോല്‍വി ഏറ്റുവാങ്ങിയാണ് മഞ്ജു റാണി തന്റെ അരങ്ങേറ്റ മത്സരത്തില്‍ വെള്ളി മെഡല്‍ നേടിയത്. രണ്ടാം സീഡായിരുന്നു പല്‍കേവ 1-4നായിരുന്നു മഞ്ജുവിനെ തോല്‍പ്പിച്ചത്. സെമിയില്‍ തായ്‌ലന്‍ഡിന്റെ ചുതാമത് രക്‌സതിനെ ഇടിച്ച് വീഴ്ത്തിയാണ് മഞ്ജു ഫൈനലില്‍ പ്രവേശിച്ചത്. ഇന്ത്യന്‍ താരങ്ങളായ മേരി കോം, ജമുന ബോറോ, ലോവ്ലിന എന്നിവര്‍ നേരത്തെ സെമിഫൈനല്‍ മത്സരത്തില്‍ നിന്നും പുറത്തായിരുന്നു.
രണ്ടാം സീഡായ തുര്‍ക്കി താരം ബുസെനാസ് ചകിറോഗ്ലു ആണ് മേരി കോമിനെ തോല്‍പ്പിച്ചത്. ആദ്യ റൗണ്ട് മുതല്‍ മികച്ച പഞ്ചുകളുമായി മേരി മുന്നില്‍ നിന്നെങ്കിലും ജഡ്ജസിന്‍റെ തീരുമാനം എതിരാളിക്കൊപ്പമായിരുന്നു. 4-1 എന്ന നിലയിലായിരുന്നുറെ വിധിനിര്‍ണയം. മത്സരഫലം വന്നപ്പോള്‍ അത്ഭുതം പ്രകടിപ്പിച്ച മേരി കോം, അപ്പീല്‍ നല്‍കിയെങ്കിലും അത് തള്ളുകയായിരുന്നു. തോല്‍വി ഏറ്റുവാങ്ങിയെങ്കിലും തലയുയര്‍ത്തി തന്നെയാണ് മേരി കോം മത്സരത്തില്‍ നിന്നും പടിയിറങ്ങിയത്.സെമിയിലെ വെങ്കല മെഡല്‍ നേട്ടത്തോടെ ലോക ചാംപ്യന്‍ഷിപ്പില്‍ എട്ട് മെഡല്‍ നേടുന്ന ആദ്യ ബോക്സിംഗ് താരമെന്ന നേട്ടം മേരി തന്റെ പേരിലാക്കി. 6 സ്വര്‍ണവും ഒരു വെള്ളിയുമാണ് ഇതിനുമുന്‍പ് മേരി കോം സ്വന്തമാക്കിയിട്ടുള്ളത്.
54 കിലോഗ്രാം വിഭാഗത്തില്‍ ചൈനയുടെ ഹുവാങ് സിയോ- വെനിനോട് 0-5ന് തോറ്റാണ് ജമുന പുറത്തായത്. 69 കിലോഗ്രാം വിഭാഗത്തില്‍ ചൈനയുടെ തന്നെ യാങ് ലിയുവിനോട് 2-3 എന്ന സ്‌കോറിനാണു ലോവ്ലിന പരാജയം ഏറ്റു വാങ്ങിയത്.