കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയില്‍ പ്രതികള്‍ക്ക് ശിക്ഷ കിട്ടുമെന്ന് 200 ശതമാനം ഉറപ്പുണ്ടെന്ന് അന്വേഷണച്ചുമതലയുള്ള വടകര റൂറല്‍ എസ്.പി കെ.ജി. സൈമണ്‍. സാഹചര്യ തെളിവുകളെല്ലാം ബലമുള്ളതാണ്. ദൃക്സാക്ഷികളില്ലാത്തതും കാലപ്പഴക്കവും ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കും. പ്രതി ജോളിയിടെ മാനസിക സ്ഥിതിയെ കുറിച്ച് പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ നാളെ വീണ്ടും ചോദ്യംചെയ്യും. വടകര റൂറല്‍ എസ്.പി ഒാഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം നോട്ടിസ് നല്കി. ജോളിയുടെ ഇടുക്കി രാജകുമാരിയിലുള്ള സഹോദരി ഭര്‍ത്താവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. തെങ്ങുംകുടി ജോണിയുടെ വീട്ടില്‍ എത്തിയാണ് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചത്. മൂന്ന് മണിക്കൂര്‍ ജോണിയെ ചോദ്യം ചെയ്തു. ബന്ധു എന്നതിലുപരി ഈ കേസുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്നും, അന്വേഷണ സംഘവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നും ജോണി പറഞ്ഞു. തുടര്‍ ചോദ്യം ചെയ്യലില്‍ നിര്‍ണായക തെളിവുകളിലേക്കുള്ള സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കസ്റ്റഡി കാലാവധി തീരാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ കൂടുതല്‍ ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ അന്വേഷണ സംഘം കോടതിയെ സമീപിച്ചേക്കും.