കൊച്ചി: മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നത് സംബന്ധിച്ച വിശദീകരണത്തിനായി നഗരസഭ വിളിച്ചുകൂട്ടിയ യോഗത്തില്‍ തര്‍ക്കം. ഇതേത്തുടര്‍ന്ന് യോഗത്തില്‍ പങ്കെടുക്കാതെ തിരിച്ചുപോയ സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് തിരിച്ചെത്തിയതോടെ യോഗം പുനരാരംഭിച്ചു . എംഎല്‍എ എം സ്വരാജ് പങ്കെടുക്കുന്നതിനെ സബ്‌ കളക്ടര്‍ എതിര്‍ത്തതാണ് പ്രശ്നങ്ങള്‍ക്കുള്ള കാരണം . തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് സബ് കളക്ടര്‍ അറിയിക്കുകയായിരുന്നു. എം സ്വരാജും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

നിയമലംഘനം നടത്തിയതായി കണ്ടെത്തിയ മരടിലെ അഞ്ച് ഫ്ലാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട നാട്ടുകാരുടെ ആശങ്കയകറ്റാന്‍ വേണ്ടിയാണ് വിശദീകരണ യോഗം നടത്തുന്നത് . മരട് ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ചുമതലയുള്ള ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗാണ് യോഗം വിളിച്ചിരിക്കുന്നത്. ഹോളിഫെയ്ത്ത്, ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റുകളുടെ പരിസരത്ത് താമസിക്കുന്നവരുടെ യോഗമാണ് ഇന്ന് നടത്തുന്നത് .

ഫ്ലാറ്റ് പൊളിക്കുമ്ബോള്‍ എത്ര ദൂരത്തില്‍ പ്രത്യാഘാതങ്ങളുണ്ടാകും, പ്രദേശവാസികളെ എങ്ങനെ പുനരധിവസിപ്പിക്കും തുടങ്ങിയ കാര്യങ്ങളാണ് യോഗത്തില്‍ വ്യക്തമാക്കുന്നത് . പാര്‍പ്പിട സമുച്ഛയത്തിന് നൂറ് മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദ്ദേശം .