ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തിരിച്ചെത്തണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്.

‘മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങളെ ഉയര്‍ത്തിപ്പിടിക്കണമെങ്കില്‍ നമ്മള്‍ വലിയ യുദ്ധം നയിക്കേണ്ടി വരും. മാധ്യമങ്ങളും എതിരാളികളും രാഹുലിനെ വിമര്‍ശിക്കുകയാണ്. രാഹുല്‍ ഗാന്ധി നമ്മുടെ നേതാവാണ്. അദ്ദേഹം വീണ്ടും അധ്യക്ഷ സ്ഥാനത്തേയ്ക്ക് വരണമെന്ന് ആഗ്രഹിക്കുന്നു’- ഖുര്‍ഷിദ് പറഞ്ഞു.

നമുക്കെല്ലാം പ്രചോദനമായി സോണിയാഗാന്ധിയും ഉണ്ടാവണമെന്നും ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയായിരുന്നു സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം അധ്യക്ഷസ്ഥാനത്തു നിന്നുള്ള രാഹുലിന്റെ ഇറങ്ങിപ്പോക്ക് കോണ്‍ഗ്രസിനെ ശൂന്യതയിലേക്ക് തള്ളിവിട്ടെന്നും ഭാവി തന്നെ അനിശ്ചിതത്വത്തിലായ അവസ്ഥയിലാണ് കോണ്‍ഗ്രസ് എന്നും ഖുര്‍ഷിദ് അഭിപ്രായപ്പെട്ടിരുന്നു.

ഖുര്‍ഷിതിന്റെ അഭിപ്രായ പ്രകടനത്തിനെതിരെ കോണ്‍ഗ്രസില്‍ നിന്നും തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ക്ക് മുതിരാതെ ബിജെപിക്കെതിരെ ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കാനാണ് ശ്രമിക്കേണ്ടതെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര അഭിപ്പായപ്പെട്ടു.

ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രാഹുല്‍ തിരിച്ചെത്തണമെന്ന് ഖുര്‍ഷിദ് അഭിപ്രായപ്പെട്ടത്.