മാധ്യമങ്ങളുടെ വിശ്വാസ്യത ഏറ്റവും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് എം ജി രാധാകൃഷ്ണന്‍. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാം മാധ്യമ കോണ്‍ഫറന്‍സിന്റെ രണ്ടാംദിവസത്തെ അവസാന സെമിനാറില്‍ സംസാരിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ നയം വ്യക്തമാക്കിയത്. ഇന്നത്തെ മാധ്യമങ്ങളുടെ പ്രസക്തിയും വെല്ലുവിളികളും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തുണ്ടാകുന്ന മാറ്റം മൂലം ബോധവല്‍ക്കരിക്കപ്പെടുന്ന ജനതയ്ക്കു ലഭ്യമാകുന്ന വിവരങ്ങള്‍ ഉയര്‍ത്തുന്ന നെഗറ്റീവ് ആണ് മാധ്യമങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികള്‍. എവിടെയാണ് യൂട്ടിലിറ്റി കൂടുതല്‍, മെച്ചപ്പെട്ട വിവരങ്ങള്‍ അല്ലെങ്കില്‍ കുറച്ച് വിവരങ്ങള്‍ എന്നതിനെ അടിസ്ഥാനമാക്കിയാണ് ഇന്നു മാധ്യമങ്ങളുടെ നിലനില്‍പ്പ്. ആ സ്ഥിതിയിലേക്ക് കാര്യങ്ങളെ കൊണ്ടു ചെന്നെത്തിക്കാന്‍ ഇന്നത്തെ സാങ്കേതിക മുന്നേറ്റത്തിനു സാധിച്ചു. ഇതാണ് ഏറ്റവും വലിയ വലിയ വെല്ലുവിളി. ഒരു പത്രം നടത്തിക്കൊണ്ടു പോകുകയെന്നത് വിവിധങ്ങളായ പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. മാര്‍ക്കറ്റ് സജീവമാകണം, ഒപ്പം ഉയര്‍ന്ന നിലവാരം വേണം, 500 വര്‍ഷത്തെ പത്രപ്രവര്‍ത്ത പാരമ്പ്യരത്തെ അതേപടി അവതരിപ്പിച്ചാല്‍ ഒരുപക്ഷേ, പുതിയ തലമുറ ഒരിക്കലും സ്വീകരിക്കണമെന്നില്ല. അതു കൊണ്ടു തന്നെ മാധ്യമപ്രവര്‍ത്തനത്തില്‍ വിട്ടുവീഴ്ചകള്‍ വേണ്ടി വരുന്നു.
ഇതിനിടയില്‍ മാധ്യമപ്രവര്‍ത്തകരും സുരക്ഷിതമായി ജോലി ചെയ്യാനായി താത്പര്യപ്പെടുകയാണ്. ഏറ്റവും കുറച്ച് റിസ്‌ക് എടുത്തു കൊണ്ടുള്ള മാധ്യമ പ്രവര്‍ത്തനം നടത്തുവാന്‍ പത്രപ്രവര്‍ത്തകരും തയ്യാറാവുന്നു. ഈ അവസ്ഥ മധ്യവര്‍ഗത്തിനു താല്പര്യമുള്ള വിഷയങ്ങള്‍ ചെയ്യേണ്ടിവരിക, കൂടുതല്‍ തെരഞ്ഞെടുപ്പുകള്‍ സാധ്യമാകുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കുക എന്നിവയൊക്കെ പത്രപ്രവര്‍ത്തകര്‍ക്ക് മുന്നിലെ വലിയ വെല്ലുവിളികളാണ്. മാധ്യമ സ്വാതന്ത്ര്യത്തില്‍ ലോകത്തില്‍ ഇന്ത്യയ്ക്ക് 131-ാം സ്ഥാനം മാത്രമാണ് ഉള്ളതെന്ന് എംജി രാധാകൃഷ്ണന്‍ പറഞ്ഞു. ഇന്ത്യയിലെ മാത്രമല്ല യൂറോപ്പിലും അമേരിക്കയിലും സമ്മാന വെല്ലുവിളികള്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിടേണ്ടി വരുന്നുണ്ട്. പക്ഷേ സ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ടെന്നും പറയേണ്ടി വരുന്നു. ഭരണാധികാരികള്‍ മാധ്യമങ്ങളുമായി ബന്ധപ്പെടുന്നില്ല. ട്രംപും മോദിയും എന്തിനു പിണറായി വിജയന്‍ പോലും മാധ്യമങ്ങളോട് സംവദിക്കാറില്ല. അവരെ കാണാറില്ല. ഈ ഭരണാധികാരികളെ കാണാന്‍ ഈ മാധ്യമപ്രവര്‍ത്തകര്‍ക്കൊന്നും സാധിക്കുന്നില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കീ ബാത്തിലൂടെയാണ് ജനങ്ങളുമായി സംവദിക്കുന്നത്. അത് ജനങ്ങള്‍ അറിഞ്ഞാല്‍ മാത്രം മതി എന്ന സ്ഥിതി ആയിരിക്കുന്നു.
വലത്തോ ഇടത്തോ അല്ലാതെ നിഷ്പക്ഷത ഇന്ന് ആര്‍ക്കും വേണമെന്നില്ല. റിപ്പബ്ലിക് ടിവി പൂര്‍ണമായും ബിജെപി പക്ഷമാണ്. കേരളത്തില്‍ എന്നാല്‍ അങ്ങനയൊന്നില്ലെന്നു പറയേണ്ടിവരും. വര്‍ഗീയതയുണ്ട് പക്ഷപാതപരമായി പ്രവര്‍ത്തിക്കാന്‍ സാധ്യതകള്‍ ഇല്ല. അമേരിക്കയില്‍ പോലും പക്ഷം പിടിക്കാത്ത മാധ്യമങ്ങള്‍ പിന്നിലേക്ക് പോകുന്ന അവസ്ഥ ഉണ്ടായിരുന്നു എന്ന് മോഡറേറ്റര്‍ ആയിരുന്ന കൃഷ്ണ കിഷോര്‍ പറഞ്ഞു. ഫോക്‌സ് ന്യൂസ് ഒരു പക്ഷത്തിന്റെ മാത്രം ആയപ്പോള്‍ സിഎന്‍എന്നും എംഎസ്എന്‍ബിസിയും നിലപാടുകള്‍ മാറ്റേണ്ടിവന്നു. എന്നാല്‍ ഇന്ത്യയില്‍ ഭൂരിപക്ഷം മാധ്യമങ്ങളും ഒരു പക്ഷം മാത്രമാകുന്ന അവസ്ഥയാണ് ഇപ്പോള്‍ എന്ന് എം ജി രാധാകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ അമേരിക്കയില്‍ ഇപ്പോഴും ജുഡീഷ്യറിയും ശക്തമായി നിലകൊള്ളുന്നു.
ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരാമര്‍ശിക്കുമ്പോള്‍ ആചാരം മാറ്റത്തിനു വിധേയമാണെന്ന് അയ്യങ്കാളിയും മറ്റു സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ പറഞ്ഞിരുന്നത് ഓര്‍ക്കണം. എന്നാല്‍ ആചാരം സംരക്ഷിക്കപ്പെടണമെന്ന വാര്‍ത്ത നല്‍കിയതിനാല്‍ ഒരു ചാനല്‍ വന്‍ മുന്നേറ്റം നടത്തി. അത് മറ്റു മാധ്യമങ്ങള്‍ക്ക് നിലനില്‍പ്പിന് ബാധിക്കുന്നുവെന്നു വന്നതോടെ അവരും ആ പക്ഷത്തേക്ക് നീങ്ങാന്‍ തയ്യാറാവുകയാണ്. എന്നാല്‍ മനുഷ്യപക്ഷത്തു നില്‍ക്കണം എന്ന താല്പര്യമാണ് തങ്ങള്‍ക്കുള്ളതെന്നു മനോരമ ടിവി ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ് പറഞ്ഞു. ഇന്റ്‌റെസ്‌റ് എന്നത് വെല്ലുവിളിയാണ്, അതു താല്‍ക്കാലികം മാത്രമാണെന്ന് വിശ്വസിക്കുന്നു. അവതാരകന്‍ എന്ന നിലയിലുള്ള വെല്ലുവിളി സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതിനാല്‍ അങ്ങോട്ടേക്ക് ഇല്ല എന്ന് മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ വേണു ബാലകൃഷ്ണന്‍ പറഞ്ഞു. പത്രക്കാരന്‍ ആയതിനാല്‍ ചാനലുകാര്‍ക്ക് ഉണ്ടാകുന്നത്രയും സമ്മര്‍ദ്ദം കുറവാണ് എന്ന് വേണു ബാലകൃഷ്ണന്‍ സൂചിപ്പിച്ചു. ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സംഘടിപ്പിച്ച സെമിനാറില്‍ കൃഷ്ണ കിഷോര്‍ മോഡറേറ്ററായിരുന്നു.
-മനു തുരുത്തിക്കാടന്‍