ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാം കോണ്‍ഫറന്‍സിലെ രണ്ടാം ദിനം കൂടുതല്‍ ശ്രദ്ധേയമായി. ആദ്യദിനം സ്വകാര്യത എന്നത് സ്വീകരണ മുറിയില്‍ ഇരിക്കുന്ന വെള്ളാനയാണെന്നു ഫ്രണ്ട്‌ലൈന്‍/ഹിന്ദു സീനിയര്‍ എഡിറ്ററായ വെങ്കിടേഷ് രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ രണ്ടാം ദിനം വ്യാജവാര്‍ത്തകള്‍ക്ക് പിന്നിലെ അജണ്ടകളെക്കുറിച്ച് ജോണി ലൂക്കോസ് കത്തിക്കയറി. തുടര്‍ന്നു മാതൃഭൂമി ടിവിയുടെ വേണു ബാലകൃഷ്ണന്‍ വസ്തുനിഷ്ഠമായ പത്രപ്രവര്‍ത്തനത്തെക്കുറിച്ച് സംസാരിച്ചു. ആദ്യ കോണ്‍ക്ലേവില്‍ പങ്കെടുത്ത് ‘വിധ്വംസക കാലത്തെ വിധേയ വിളയാട്ടങ്ങള്‍, മാധ്യമങ്ങള്‍ സമകാലിക ഇന്ത്യയില്‍’ എന്ന വിഷയത്തെപറ്റി വെങ്കിടേഷിന്റെ അഭിപ്രായങ്ങള്‍ ഏറെ സ്വാഗതം ചെയ്യപ്പെട്ടിരുന്നു. ഇന്റര്‍നെറ്റ് സേര്‍ച്ചില്‍ നിന്ന് ഓരോരുത്തരുടെയും താല്പര്യങ്ങള്‍ കണ്ടുപിടിച്ച് ഗൂഗിള്‍ ആ രീതിയില്‍ മാര്‍ക്കറ്റിംഗ് തുടങ്ങി. ഒരു ഭാര്യയേയും ഭര്‍ത്താവിനേയും നിരീക്ഷിച്ച ഗൂഗിള്‍, അവരുടെ സ്വഭാവ രീതി അപഗ്രഥിച്ച് ഇത്ര കാലത്തിനുള്ളില്‍ അവര്‍വിവാഹമോചനം തേടും എന്നു പ്രവചിച്ചു. അതുതന്നെ സംഭവിച്ചു. മനുഷ്യന്റെ സ്വഭാവരീതികള്‍ നിരീക്ഷിച്ച്, അതിലൂടെ അവരെ ഉപഭോക്താവ് ആക്കുവാന്‍ ഇന്റര്‍നെറ്റ് മീഡിയയ്ക്ക് സാധിക്കുന്നു. രഹസ്യമായി നാം കാണുന്ന ഇന്റര്‍നെറ്റ് പോലും രഹസ്യമല്ല. സ്വകാര്യതക്ക് നാശം സംഭവിച്ചിരിക്കുന്നു എന്നാണതിനര്‍ഥം, വെങ്കിടേഷ് പറഞ്ഞു.
നിഷ്പക്ഷ പത്രപ്രവര്‍ത്തനം എന്നൊന്നില്ല. പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ അതു സാധ്യവുമല്ല. വസ്തുനിഷ്ഠ പത്രപ്രവര്‍ത്തനം എന്നതാണ് ശരിക്കുള്ള പദ്രപ്രയോഗം. ബിബിസിയുടെ ഒരു കണക്കനുസരിച്ച് റേഡിയോ അഞ്ചുകോടി ജനങ്ങളിലെത്താന്‍ 38 വര്‍ഷമെടുത്തു. ടിവി എട്ടു വര്‍ഷം. ഇന്റര്‍നെറ്റ് എടുത്തത് നാലു വര്‍ഷം. ഐപോഡിനു 3 വര്‍ഷമേ വേണ്ടിവന്നുള്ളൂ. എന്നാല്‍ ഫേസ്ബുക്ക് 100 കോടിയിലെത്താന്‍ എടുത്തത് 9 മാസം മാത്രം. ഐഫോണ്‍100 കോടിയിലെത്താന്‍ എടുത്ത് 4 മാസം മാത്രം.
സോഷ്യല്‍ മീഡിയ കൂടുതല്‍ ആളുകളിലേക്ക് എത്തുമ്പോള്‍, മുഖ്യധാരാ മാധ്യമങ്ങള്‍ ലോകത്തോട് സംവദിക്കാന്‍ ഇടയാകുന്നു. ഇത് വലിയൊരു ജനാധിപത്യ പ്രക്രിയയാണ്. കൂടുതല്‍ ആളുകള്‍ മാധ്യമങ്ങളിലേക്ക് എത്തുന്നു എന്ന് കേംബ്രിഡ്ജ് അനലിറ്റിക്കാ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്റ് ട്രംപിന്റെ തെരഞ്ഞെടുപ്പിലും ബ്രെക്‌സിറ്റിലും ഒക്കെ രാഷ്ട്രീയമായി ഇതു ബാധിച്ചിട്ടുണ്ട്.
സാങ്കേതികസാമൂഹ്യ രംഗത്ത് മാധ്യമങ്ങള്‍ ഉപകരണങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകാലത്ത് ബ്രോഡ്കാസ്റ്റ് ഓഡിറ്റ് റിസര്‍ച്ച് ഗ്രൂപ്പിന്റെ ഒരു സര്‍വ്വെയില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ക്ക് കിട്ടിയ ചാനല്‍ എയര്‍ ടൈമിന്റെ കണക്കുകള്‍ പുറത്തുവിട്ടു. പ്രധാനമന്ത്രി മോഡിക്ക് കിട്ടിയതിന്റെ പകുതി പോലുംരാഹുല്‍ ഗാന്ധിക്കും പ്രിയങ്കക്കും കിട്ടിയില്ല.ചെറിയ പാര്‍ട്ടികള്‍ക്ക് മൊത്തമായി 70 മണിക്കൂറിന്റെ എയര്‍ടൈം മാത്രം. സാങ്കേതിക മികവ് വില്ലനായിരിക്കുമ്പോഴും, ആത്യന്തികമായി സ്ഥാപിത താത്പര്യങ്ങളെ ആസ്പദമാക്കി തന്നെയാണ് ഈ രംഗം മുന്നോട്ടുപോകുന്നത്. മാധ്യമങ്ങള്‍ ഒരു ഭരണ സമ്മര്‍ദ്ദമായി മാറുന്നു. കൂടുതല്‍ജനകീയ വീക്ഷണങ്ങള്‍ കൊണ്ട് കാര്യങ്ങളെ കൃത്യമായി തുറന്നു കാണിക്കണം. ഗാന്ധിജിയെ ഇടിച്ചുതാഴ്ത്താന്‍ സംഘപരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
മാധ്യമങ്ങളുടെ നിലനില്‍പിന്റെ പ്രശ്‌നം എല്ലാക്കാലത്തും ഉണ്ടായിരുന്നു. ജനകീയ പങ്കാളിത്തത്തോടുകൂടിയ സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സംവിധാനം ഉണ്ടായാല്‍ മാത്രമേ ഈ രംഗം രക്ഷപെടുകയുള്ളൂ. ഇന്നത്തെ കാലത്തെ ട്രോളുകള്‍ ഒരു സംഘടിത പ്രസ്ഥാനത്തിന്റെ സന്തതിയാണ്. ഗുജറാത്തിലെ ഒരു ബഹുനില കെട്ടിടത്തില്‍ 2400 പേര്‍ ഇരുന്ന് ജോലി ചെയ്യുന്നത് സംഘപരിവാറിനു വേണ്ടി ട്രോളുകള്‍ മെനയുന്നതിന് മാത്രമാണ്. ശബരിമല പ്രശ്‌നം കത്തി നിന്ന സമയത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരേ 2800 ഡിജിറ്റല്‍ സന്ദേശങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് 18 കേന്ദ്രങ്ങളില്‍ നിന്നാണ്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ട്രോളുകള്‍ നിര്‍മിക്കുന്നു.
ടെക്‌നോളജി വികസിക്കുന്നതിന്റെ ഭാഗമായി സൈക്കോ സോഷ്യല്‍ രംഗത്ത് മാറ്റങ്ങള്‍ വന്നു. മാസും, ക്ലാസും മാറാന്‍ അധിക സമയമൊന്നും വേണ്ട. സോഷ്യല്‍ മീഡിയയുടെ സ്വാധീനം എങ്ങനെ ട്യൂണ്‍ ചെയ്‌തെടുക്കാമെന്നുള്ള ചോദ്യത്തിനു തന്റെ കൈയ്യില്‍ ഒറ്റമൂലിയൊന്നും ഇല്ലായെന്ന മറുപടിയാണ് വെങ്കിടേഷ് നല്‍കിയത്. എം.ജി രാധാകൃഷ്ണന്‍, ജോണി ലൂക്കോസ്, വേണു ബാലകൃഷ്ണന്‍, വിനോദ് നാരായണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കാനഡ/കാലിഫോര്‍ണിയ ചാപ്റ്റര്‍ ആതിഥ്യം വഹിച്ച ഈ കോണ്‍ക്ലേവില്‍ ജോര്‍ജ് ജോസഫ് മോഡറേറ്റര്‍ ആയി ചര്‍ച്ചയെ സജീവമാക്കി. മനു തുരുത്തിക്കാടന്‍ സ്വാഗതം ആശംസിക്കുകയും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. റിയല്‍ മീഡിയയും സോഷ്യല്‍ മീഡിയയും എന്ന വിഷയം ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക സമ്മേളനത്തില്‍ തീപാറുന്ന ചര്‍ച്ചകള്‍ക്ക് വേദിയായി.
മോഡറേറ്ററായിരുന്ന കൈരളി ടിവി യു.എസ്.എ ഡയറക്ടര്‍ ജോസ് കാടാപ്പുറം രണ്ടു മീഡിയകളിലും നിലനില്‍ക്കുന്ന തെറ്റും ശരിയുമായ പ്രവണതകള്‍ ചൂണ്ടിക്കാട്ടി. വസ്തുനിഷ്ഠമായ പത്രപ്രവര്‍ത്തനം നടത്തുന്നവരാണ് പാനലിസ്റ്റുകള്‍ എന്നു ചൂണ്ടിക്കാട്ടി.
ചര്‍ച്ച നയിച്ച മാതൃഭൂമി ടിവിയുടെ വേണു ബാലകൃഷ്ണന്‍ മാധ്യമങ്ങളെ സംബന്ധിച്ച് കേന്ദ്രത്തിലായാലും കേരളത്തിലായാലും അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്നു പറഞ്ഞു. മുഖ്യമന്ത്രി സോഷ്യല്‍ മീഡിയയെ പിന്തുണയ്ക്കുകാണ്. മറ്റു മാധ്യമങ്ങള്‍ക്ക് താത്പര്യങ്ങളുണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി.
തങ്ങള്‍ക്ക് പരിമിതികളുണ്ട്. അതുപക്ഷെ സ്വയം സ്വീകരിക്കുന്ന വിവേകപൂര്‍ണമായ പരിമിതിയാണ്. മാധ്യമങ്ങളെ സോഷ്യല്‍ മീഡിയ വഴി നിയന്ത്രിക്കാമെന്ന സ്ഥിതിയുമുണ്ട്. ദേശീയതലത്തിലെ ദുരവസ്ഥ ചര്‍ച്ച ചെയ്യുമ്പോള്‍ കേരളത്തിലെ കാര്യം നാം മറക്കുന്നു. ഇപ്പോള്‍ കേരളത്തിലെ മന്ത്രിമാര്‍ കസേരകളില്‍ ഇരിക്കുന്നവര്‍ മാത്രമായി.
ജയലളിത തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അവരുടെ സൗകര്യത്തിനായിരുന്നു മന്ത്രിസഭാ യോഗം. കേരളത്തിലെ സ്ഥിതിയും മെച്ചമല്ല. മാധ്യമങ്ങളില്‍ നിന്നു മുഖ്യമന്ത്രി അകന്നു നില്‍ക്കുന്നു. ഇതു അസാധാരണമാണ്. തമിഴ്‌നാട്ടില്‍ മാധ്യമങ്ങള്‍ക്ക് ഒരു നിശ്ചിത സ്ഥലം നല്‍കിയിരിക്കുന്നതു കണ്ടു. മന്ത്രിമാര്‍ക്ക് വേണമെങ്കില്‍ അവിടെ പോയി അവരെ കാണാം. കേരളത്തിലും അതിനു ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.
സര്‍ക്കാര്‍ നിലപാടുകള്‍ ജനം അംഗീകര്‍ച്ചു എന്ന രീതിയിലുള്ള സോഷ്യ ല്‍മീഡിയ പോസ്റ്റുകള്‍ കാണാം. പ്രധാനമന്ത്രി മാധ്യമങ്ങളെ കാണാറില്ല. സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പറയുന്ന സര്‍ക്കാരിനെതിരേ മിണ്ടിയാല്‍ രാജ്യദ്രോഹിയായെന്നിരിക്കും. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കാണു കൂടുതല്‍ ഭീഷണി. ബര്‍ക്കാ ദത്തിനു മൂവായിരത്തോളവും, റാണാ അയൂബിനു രണ്ടായിരത്തിഅഞ്ഞൂറോളവും ബലാത്സംഗ ഭീഷണി നേരിടേണ്ടിവന്നു. ഏറ്റവും നല്ല അഭിമുഖങ്ങള്‍ നടത്തിയിരുന്ന കരണ്‍ ഥാപ്പര്‍ ഇന്നു ഫലത്തില്‍ തൊഴില്‍ രഹിതനായി ഒരു മൂലയ്ക്കിരിക്കുന്നു. കേരളത്തിന്റെ സ്ഥിതിയും ആശാസ്യമല്ല.
ജോളി കേസില്‍ മാധ്യമ പ്രവര്‍ത്തകര്‍ പോലീസിന്റെ ജോലി തടസ്സപ്പെടുത്തുന്നതായി അറിയില്ലെന്നു വേണു പറഞ്ഞു. മാധ്യമങ്ങള്‍ക്കും അന്വേഷണങ്ങള്‍ നടത്താനുള്ള അവകാശമുണ്ട്. ജോളി കേസ് റിപ്പോര്‍ട്ട് ചെയ്ത രീതിക്കെതിരേ പലവിധ ആക്ഷേപങ്ങളും മീഡിയയ്‌ക്കെതിരേ ഉയരുന്നുണ്ടെന്നു എം.ജി. രാധാകൃഷ്ണന്‍ പറഞ്ഞു. പക്ഷെ ഒ.ജെ. സിമ്പ്‌സണ്‍ കേസ് അമേരിക്കന്‍ മാധ്യമങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്തു എന്നുകൂടി അറിയണം.
ജോളി കേസ് സാധാരണ കുറ്റകൃത്യമല്ല. സ്വാഭാവികമായും സമൂഹവും മാധ്യമങ്ങളും അതിനു പിന്നാലെ പോകും. അതിനാല്‍ മാധ്യമങ്ങള്‍ ഒരു പരിധിക്കപ്പുറം വിമര്‍ശനം അര്‍ഹിക്കുന്നില്ല. മാധ്യമങ്ങള്‍ സമൂഹത്തിന്റെ തന്നെ സൃഷ്ടിയാണല്ലോ. നമ്മുടെ സമൂഹം എവിടെ എത്തിനില്‍ക്കുന്നു എന്നതാണ് ഇതൊക്കെ വിരല്‍ചൂണ്ടുന്നത്. ആര്‍ത്തിയാണ് ഇതിനൊക്കെ പിന്നില്‍.
അതുപോലെ തന്നെ മാധ്യമങ്ങളെ വിമര്‍ശിക്കുന്നവരുടെ കാപട്യം തിരിച്ചറിയേണ്ടതുണ്ട്.ആ വാര്‍ത്ത കൊടുക്കാത്ത മാധ്യമത്തെ ജനം തള്ളിക്കളയും. നിങ്ങളും ജോളിയും തമ്മില്‍ ആറുമാസമായി ബന്ധപ്പെടാറില്ലേ എന്ന ചോദ്യം ശരിയോ എന്ന ചോദ്യം വരാം. റേറ്റിംഗ് വലിയ കാര്യം തന്നെ. ഉത്തരവാദിത്വം ജനത്തിനുമുണ്ട്. മോറലിസ്റ്റിക് രീതിയില്‍ വിമര്‍ശിക്കുന്നത് ശരിയല്ല.
ഓരോ ദിവസവും ജനം എന്താണ് ആഗ്രഹിക്കുന്നതെന്ന ട്രെന്‍ഡ് മനസിലാക്കി തരുന്നത് സോഷ്യല്‍ മീഡിയ ആണെന്നു ജോണി ലൂക്കോസ് പറഞ്ഞു. ദിലീപിനു എതിരേ കേസ് വന്നപ്പോള്‍ അനുകൂലമായി നില്ക്കാന്‍ പറ്റില്ല. ജനാഭിപ്രായം കണക്കിലെടുക്കാതിരിക്കാനാവില്ല. ചാര കേസില്‍ കരുണാകരന്‍ പ്രതിയല്ലെന്നു പറയുന്നവര്‍ കൂട്ടുപ്രതിയാകുന്ന സ്ഥിതിയുണ്ടായിരുന്നു.
ചിലപ്പോള്‍ പൊതു നിലപാടിനെതിരേ നില്‍ക്കേണ്ടി വരുമെന്നു എം.ജി രാധാകൃഷ്ണന്‍ പറഞ്ഞു. റേറ്റിംഗിനെ അതിജീവിച്ചു നില്‍ക്കാന്‍ ഏഷ്യാനെറ്റിനായി. ചാര കേസില്‍ ഇന്ത്യാ ടുഡേയും ആ ധൈര്യം കാണിച്ചു. അതിനാല്‍ മാധ്യമങ്ങള്‍ക്ക് ഇപ്പോഴും വിലയുണ്ട്. സോഷ്യല്‍ മീഡിയ ജനാധിപത്യ സ്വഭാവം ഉയര്‍ത്തിക്കാട്ടുന്നത് ജോണി ചൂണ്ടിക്കാട്ടി. അച്ചടി മാധ്യമങ്ങളുടെ കാലം കഴിയുന്നതായി രാധാകൃഷ്ണനും പറഞ്ഞു.


