കലിഫോര്‍ണിയയിലെ ക്ലിയര്‍ ലേക്കിലേക്കുള്ള യാത്രയ്ക്കിടെ വാഹനാപകടത്തില്‍ മരിച്ച ഫാ. മാത്യു വെള്ളാങ്കലിന്റെ സംസ്കാരം രണ്ടാര്‍ സെന്‍റ് മൈക്കിള്‍സ് ഇടവകപള്ളിയില്‍.
മിജാര്‍ക്കിന്‍റെ അന്താരാഷ്ട്ര ചാപ്ലിനായിരുന്ന ഫാ. മാത്യു വെള്ളാങ്കല്‍ (61), ഓക്‌ലന്‍ഡ് രൂപതയിലെ കോണ്‍കോര്‍ഡ് സെന്‍റ് ബൊനേവെഞ്ച്വര്‍ പള്ളി വികാരിയാണ്.
മൂവാറ്റുപുഴ രണ്ടാര്‍ വെള്ളാങ്കല്‍ കുര്യാക്കോസ് ഏല്യാക്കുട്ടി ദന്പതികളുടെ മൂന്നാമത്തെ മകനാണ്.സഹോദരങ്ങള്‍: സിസ്റ്റര്‍ ലെല്ലിസ് സിഎസ്എന്‍(കോതമംഗലം),ജോസഫ്(ജോണി),ജോര്‍ജ്,പോള്‍. കോതമംഗലം മുന്‍ വികാരി ജനറാള്‍ മോണ്‍. മാത്യു വെള്ളാങ്കലിന്‍റെ സഹോദരപുത്രനാണ്.
അപകടത്തില്‍ ഷില്ലോംഗ് ആര്‍ച്ച്ബിഷപ് ഡോ. ഡൊമിനിക് ജാലയും (68) മരിച്ചു. ഒപ്പമുണ്ടായിരുന്ന ഫാ. ജോസഫ് പാറേക്കാട്ടിലിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കലിഫോര്‍ണിയയിലെ ക്ലിയര്‍ ലേക്കിലേക്കുള്ള യാത്രയ്ക്കിടെ, കൊലുസ കൗണ്ടിയില്‍ വ്യാഴാഴ്ച ഇന്ത്യന്‍ സമയം രാവിലെ 10.30നായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരേ വന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇരുവരുടെയും മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ന്യൂയോര്‍ക്കില്‍ നടക്കുന്ന അന്താരാഷ്ട്ര ഇംഗ്ലീഷ് ലിറ്റര്‍ജി കമ്മീഷന്‍ മീറ്റിംഗില്‍ സംബന്ധിക്കാന്‍ അമേരിക്കയിലെത്തിയതായിരുന്നു ഡോ. ജാല. 1951 ജൂലൈ 12നു ജനിച്ച ആര്‍ച്ച്ബിഷപ് ഡോ. ജാല, സലേഷ്യന്‍ സഭയില്‍ ചേര്‍ന്ന് 1977 നവംബര്‍ 19ന് പൗരോഹിത്യം സ്വീകരിച്ചു. 48ാം വയസില്‍ ഷില്ലോംഗ് ആര്‍ച്ച്ബിഷപ്പായി നിയമിതനായി. 2000 ഏപ്രില്‍ നാലിനായിരുന്നു മെത്രാഭിഷേകം. 19 വര്‍ഷം മേല്‍പ്പട്ട ശുശ്രൂഷയിലായിരുന്ന അദ്ദേഹം 2015 മുതല്‍ സിബിസിഐ ലിറ്റര്‍ജി കമ്മീഷന്‍ ചെയര്‍മാനായിരുന്നു.