ന്യൂജേഴ്സി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ രണ്ടാം ദിനം ഗൗരവമേറിയ മാധ്യമചര്‍ച്ചകള്‍ കൊണ്ടു ശ്രദ്ധേയമായി. ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 11.30 വരെ വ്യാജ വാര്‍ത്തകള്‍ക്കു പിന്നിലെ വസ്തുതകള്‍’ എന്ന വിഷയത്തെപറ്റി മനോരമ ടിവി ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ് ആണ് സെമിനാര്‍ നയിച്ചത്. ടാജ് മാത്യു മോഡററേറ്റര്‍ ആയിരുന്നു. ഹൂസ്റ്റണ്‍ ചാപ്റ്റര്‍ നേതൃത്വം നല്കിയ ഈ സെമിനാര്‍ ഏറെ ശ്രദ്ധേയമായി. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്, വിനോദ് നാരായണന്, ബേസില്‍ ജോണ്‍ എന്നിവര്‍ സെമിനാറില്‍ സംബന്ധിച്ചു.
വ്യാജവാര്‍ത്തകള്‍ ചമക്കുന്നവര്‍ക്ക് പ്രത്യേകമായ അജണ്ടകളുണ്ടെന്നും അതൊക്കെയും സാങ്കേതികപരമായ മുന്നേറ്റത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും ജോണി ലൂക്കോസ് പറഞ്ഞു. വാട്സ് ആപ്പില്‍ ഇത്തരം വാര്‍ത്തകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നു. വിജയ് മല്യയുടെ മകന് പ്രിയങ്ക ചോപ്രയെ പ്രണയിക്കുന്നു എന്ന വാര്‍ത്ത പോലെയുള്ളവ ഉണ്ടാക്കുന്ന ബിസിനസ്സ് ഇംപാക്ടും ആസാമില്‍ തെരുവു ഗായകനെ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നയാള്‍ എന്നു തെറ്റിദ്ധരിച്ചു തല്ലിക്കൊന്നതുമൊക്കെ ഇത്തരം വ്യാജവാര്‍ത്തകളുടെ രണ്ടു വകഭേദങ്ങളാണ്. ചിലതിന് ചില കൃത്യമായ ലക്ഷ്യമുണ്ടാകും. അത്തരം വ്യാജവാര്‍ത്തകള്‍ പടച്ചു വിടുന്ന വാര്‍ത്താ ഫാക്ടറികളെ തിരിച്ചറിയുകയാണ് നാം വേണ്ടത്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പോലും തന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ വ്യാപകമായ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കപ്പെട്ടിരുന്നു എന്നു പറഞ്ഞിട്ടുണ്ട്. അതിനു പിന്നില്‍ റഷ്യയുടെ കരങ്ങളുണ്ടെന്ന ഏറ്റു പറച്ചില് പോലും നാം കാണാതെ പോവരുത്. വാര്ത്തളിലെ വ്യാജനെ തിരിച്ചറിഞ്ഞു വേണം നാം വാര്ത്താപ്രചാരകരായി മാറേണ്ടത്. പുതിയ കാലത്തില്‍ വാര്‍ത്തകളിലെ നേരിനെ നിഷ്പക്ഷമായി നിലനിര്ത്തേണ്ടതിനെയൊക്കെ ഇത്തരം വ്യാജന്മാര് വേരോടെ പിഴുതെറിയുന്നുണ്ട്. അതു കരുതിയിരിക്കുക മാത്രമാണ് മാര്‍ഗം- ജോണി പറഞ്ഞു.
ഉച്ചക്ക് 1.30 മുതല്‍ മൂന്നു മണി വരെ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന് നയിച്ച സെമിനാറില്‍ ഏഷ്യാനെറ്റ് ന്യൂസ് യുഎസ് കറസ്പോണ്ടന്റ് ഡോ. കൃഷ്ണ കിഷോര്‍ മോഡറേറ്റായി.
വൈകിട്ട് 5.30 മണിക്ക് സമാപന സമ്മേളനം. ചടങ്ങില്‍ ഇന്ത്യാ പ്രസ് ക്ലബ് അവാര്‍ഡ് ജേതാക്കള്‍ക്ക് മന്ത്രി കെ.ടി. ജലീല്‍ പുരസ്കാരങ്ങള്‍ നല്‍കും. കോണ്‍ഫറന്‍സ് വിജയമാക്കാന്‍ സഹായിച്ച സ്പോണ്സര്മാരെയും ആദരിക്കും. കൂടാതെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറും.