അമേരിക്കന്‍ മലയാളികളെ ഞെട്ടിച്ചു കൊണ്ട് കാലിഫോര്‍ണിയയില്‍ നിന്നുമൊരു ദുരന്ത വാര്‍ത്ത. ഷില്ലോങ് ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ജാലയും (68) മലയാളി വൈദികന് ഫാ മാത്യു വെള്ളാങ്കലും സഞ്ചരിച്ച കാര്‍ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ അപകടത്തില്‍ പെട്ട് ഇരുവരും മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു മലയാളി വൈദികനായ ഫാ ജോസഫ് പാറേക്കാട്ടിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിഫോര്‍ണിയയിലെ ക്ലിയര്‍ ലേക്കിലേക്ക് പോവുകയായിരുന്നു മൂവരും. കൊലുസ കൗണ്ടിയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
വ്യാഴാഴ്ച അമേരിക്കന്‍ സമയം രാത്രി പതിനൊന്നു മണിയോടെയയായിരുന്നു അപകടം. സലേഷ്യന്‍ സഭാംഗങ്ങളാണ് ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ജാലയും ഫാ മാത്യു വെള്ളാങ്കലും. ബിഷപ്പിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.
ന്യൂയോര്‍ക്കില്‍ നടക്കുന്ന ലിറ്റര്‍ജി ഇന്റര്‍നാഷണല്‍ കമ്മീഷന് യോഗത്തില്‍ പങ്കെടുക്കാനായി അമേരിക്കയിലെത്തിയതായിരുന്നു ആര്‍ച്ച് ബിഷപ്. കാലിഫോര്‍ണിയയിലെ ഡാന്‍വില്ലെ സെന്റ് ഇസിദോര്‍ പള്ളി വികാരിയാണ് ഫാ. മാത്യു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.