കോട്ടയം : മീറ്റര്‍ ഘടിപ്പിക്കാത്ത ഓട്ടോറിക്ഷക്കാര്‍ക്ക് കര്‍ശന താക്കീത്. ഓട്ടോറിക്ഷകള്‍ക്കു മീറ്റര്‍ ഘടിപ്പിച്ചേ മതിയാകൂ എന്ന് കലക്ടര്‍ ഉത്തരവിട്ടു. അതേസമയം, ഇതുസംബന്ധിച്ചുള്ള തീരുമാനം പറയാന്‍ തിങ്കളാഴ്ച വരെ സാവകാശം വേണമെന്നു തൊഴിലാളി യൂണിയനുകള്‍ അറിയിച്ചു. വിവിധ തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയിലാണു കലക്ടര്‍ തീരുമാനം അന്തിമമായി പ്രഖ്യാപിച്ചത്. മീറ്റര്‍ ഘടിപ്പിക്കുമ്ബോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പറയാം. പരിഹാരങ്ങള്‍ നിര്‍ദേശിക്കാം. പക്ഷേ, മീറ്റര്‍ ഘടിപ്പിക്കണം എന്ന തീരുമാനത്തില്‍ നിന്നു പിന്നോട്ടില്ലെന്നും കലക്ടര്‍ യോഗത്തില്‍ വ്യക്തമാക്കിയതോടെയാണു തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ 2 ദിവസം സാവകാശം തേടിയത്. യൂണിയനുകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും തീരുമാനം അറിയിക്കാമെന്നു കലക്ടര്‍ അറിയിച്ചു.

സര്‍ക്കാര്‍ ഉത്തരവാണ് ഇവിടെ നടപ്പിലാക്കുന്നതെന്ന് കളക്ടര്‍ അറിയിച്ചു.. മീറ്റര്‍ നിര്‍ബന്ധമാക്കണം എന്നു തന്നെയാണു തീരുമാനം. മീറ്റര്‍ ഇല്ലാത്ത ഓട്ടോകള്‍ക്കെതിരെ നടപടി ഉറപ്പാക്കുമെന്നും കലക്ടര്‍ പി.കെ.സുധീര്‍ ബാബു പറഞ്ഞു. മീറ്റര്‍ ഇല്ലാത്ത ഓട്ടോകള്‍ക്ക് അതു ഘടിപ്പിക്കാനും കേടുപാടുകള്‍ തീര്‍ക്കാനും സമയം നല്‍കി. പലതവണ ചര്‍ച്ച നടത്തി. ഇനി യൂണിയനുകള്‍ക്ക് അന്തിമമായി തീരുമാനം പറയാമെന്നും കളക്ടര്‍ നിലപാട് വ്യക്തമാക്കി